നരിപ്പറ്റ പഞ്ചായത്തിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു

കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ഉറിതൂക്കി മല, കാപ്പി, മേലെ കാപ്പി, കുട്ടി തണ്ണീർമല, കമ്മായി എന്നിവിടങ്ങളിലാണ് വീണ്ടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. ലക്ഷങ്ങളുടെ നാശമാണ് സംഭവിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാപ്പിമല, മേലെ കാപ്പി മലയിലെയും ചെറുവത്ത് കണാരൻ, ഉണിലൻമാക്കൂൽ സജീവൻ, കാപ്പിയിൽ ഗോപാലൻ, കാപ്പിയിൽ അനന്തൻ, നടുത്തറ ചന്ദ്രൻ, ജാതിയോറ അനന്തൻ, കാപ്പിയിൽ മമ്മൂട്ടി, കരടിപറമ്പത്ത് ഷാജി, കമ്മായി മലയിൽ ജാനകി, കൈവേലി അശോകൻ, ചാത്തു എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ മറ്റ് ഇടവിളകൃഷികളും ഫലവൃക്ഷങ്ങളുമാണ് കാട്ടാനക്കൂട്ടം പിഴുതെറിഞ്ഞത്. ആനക്കൂട്ടങ്ങളുടെ ആക്രമണത്തെ ഭയന്ന് കുട്ടിത്തണമ്മൽ നാണു, കുട്ടിത്തണമ്മൽ പ്രവീഷ്, കുട്ടിത്തണമ്മൽ മനോജൻ എന്നിവരുടെ കുടുംബം വീട് ഒഴിഞ്ഞുപോയി. ഒരാഴ്ചയായി ഇവ ജനവാസകേന്ദ്രത്തിലെത്തി ഭീഷണി ഉയർത്തുകയും കൃഷിനാശം വിതക്കുകയും ചെയ്തിട്ടും വനംവകുപ്പ് അധികൃതരുടെ നിസ്സംഗതയിൽ ജനം പ്രതിഷേധത്തിലാണ്‌. കാട്ടാനക്കൂട്ടങ്ങളെ തടയാൻ സോളാർ െഫൻസിങ് നിർമാണം എല്ലാ ഭാഗത്തും നടന്നിട്ടുണ്ടെങ്കിലും പരിചരണം ലഭിക്കാത്തതിനാൽ ഇവ പ്രവർത്തനരഹിതമാണ്. വരൾച്ച തുടങ്ങുന്നതിനുമുമ്പുതന്നെ ആനക്കൂട്ടം താമസസ്ഥലത്തും കൃഷിസ്ഥലത്തും ഇറങ്ങിയത് നാട്ടുകാരിൽ ഭീതി ഉളവാക്കുകയാണ്. തങ്ങളുടെ ദീർഘകാലത്തെ പരിശ്രമം നിമിഷനേരം കൊണ്ട് നശിപ്പിക്കുന്നത് കണ്ട് നെടുവീർപ്പിടുകയാണ് കർഷകർ. സോളാർ കമ്പിവേലി, ആനക്കെട്ട് കിടങ്ങുകൾ എന്നിവ നിർമിച്ച് കാർഷികവിളകൾക്കും കർഷകരുടെ ജീവനും സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.