ഇതരസംസ്ഥാനക്കാരൻറെ മൃതദേഹം രോഗികൾക്കൊപ്പം കിടത്തിയ സംഭവം; ആരോഗ്യവകുപ്പിന് വിശദീകരണം നൽകി

ഇതര സംസ്ഥാനക്കാര​െൻറ മൃതദേഹം രോഗികൾക്കൊപ്പം കിടത്തിയ സംഭവം; ആരോഗ്യവകുപ്പിന് വിശദീകരണം നൽകി കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സക്കിടെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മണിക്കൂറുകളോളം രോഗികൾക്കൊപ്പം വാർഡിൽ കിടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതർ വിശദീകരണം നൽകി. ആരോഗ്യമന്ത്രിയുടെ ഓഫിസ്, ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരാണ് വിശദീകരണം തേടിയത്. വെള്ളിയാഴ്ച പകലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അഷ്റഫുലി​െൻറ (18) മൃതദേഹം മണിക്കൂറുകളോളം എട്ടാം വാർഡിലെ കട്ടിലിൽ കിടന്നത്. തലച്ചോറിൽ പഴുപ്പു ബാധിച്ചതിനെത്തുടർന്ന് കണ്ണൂർ മട്ടന്നൂരിൽ തൊഴിലാളിയായ ഇയാളെ രണ്ടുദിവസം മുമ്പ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് മരണവിവരം ജീവനക്കാർ കൂടെയുള്ളവരെ അറിയിച്ചു. തുടർ നടപടികളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഇവർ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ പണം സമാഹരിക്കാനുള്ള തിരക്കിലായിരുന്നു. ബന്ധപ്പെട്ടവർ ഉടൻ മൃതദേഹം മാറ്റുമെന്ന പ്രതീക്ഷയിൽ വാർഡിലെ ജീവനക്കാർ മൃതദേഹം അവിടെ തന്നെ കിടത്തി. പിന്നീട് മണിക്കൂറുകളോളം ഇതേ അവസ്ഥയിൽ തന്നെ കിടക്കുകയായിരുന്നു. സംഭവം വാർത്തയായതിനെത്തുടർന്ന് ആരോഗ്യവകുപ്പ് വിശദീകരണം തേടി. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി സജീത്ത്കുമാർ ഉത്തരവിട്ടതി​െൻറ അടിസ്ഥാനത്തിൽ മെഡിസിൻ വിഭാഗം യൂണിറ്റ് ചീഫ് ഡോ. പി. ഗീത, ആർ.എം.ഒ ഡോ. വി. ദയാൽ നാരായണൻ, നഴ്സിങ് സൂപ്രണ്ട് ടി. കനകം എന്നിവരാണ് അന്വേഷണം നടത്തിയത്. ഇയാൾ മരിച്ച് നിശ്ചിത സമയം കഴിഞ്ഞതിനാൽ മോർച്ചറിയിലേക്ക് മാറ്റാൻ ജീവനക്കാർ തയാറായെങ്കിലും ഒപ്പമുള്ളവർ കരഞ്ഞുപറഞ്ഞതിനെത്തുടർന്നാണ് മാറ്റാതിരുന്നതെന്ന് ബന്ധപ്പെട്ട ജീവനക്കാർ മൊഴി നൽകിയതായാണ് വിവരം. ആദ്യം കൂടെയുള്ളവർ മൂന്നു മണിക്കൂർ ആവശ്യപ്പെട്ടു. കരാറുകാരൻ കണ്ണൂരിൽനിന്ന് വരുന്നതിനിടെ ട്രാഫിക് കുരുക്കിൽ അകപ്പെട്ടതായി പിന്നീട് അറിയിച്ചു. ഇയാൾ വന്നയുടൻ മൃതദേഹം കൊണ്ടുപോവാനായി ആംബുലൻസ് അന്വേഷിച്ചുപോയി. വാടക ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആംബുലൻസുകാരുമായുള്ള തർക്കം വീണ്ടും ഒന്നരമണിക്കൂറോളം വൈകിപ്പിച്ചു. ഈ സമയത്തെല്ലാം ഇപ്പോൾ കൊണ്ടുപോവുമെന്നാണ് കൂടെയുള്ളവർ അറിയിച്ചത്. മോർച്ചറിയിലേക്ക് മാറ്റരുതെന്ന ആവശ്യം മാനുഷിക പരിഗണന നൽകി അംഗീകരിക്കുകയായിരുന്നുവെന്നും ജീവനക്കാർ വിശദീകരണം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.