അവർ പറയുന്നു 'ഇരുട്ടിൽ നിൽക്കേണ്ടവരല്ല ഞങ്ങൾ'

കോഴിക്കോട്: ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന 'ഇരുട്ടിൽ നിൽക്കേണ്ടവരോ' ഡോക്യുമ​െൻററിയുടെ ആദ്യ പ്രദർശനം നടന്നു. വേണു താമരശ്ശേരി സംവിധാനം ചെയ്ത ഡോക്യുമ​െൻററിയിലൂടെ അക്കായി പത്മശാലി, ശീതൾ ശ്യാം തുടങ്ങി നിരവധി ട്രാൻസ്ജെൻഡറുകളാണ് തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും സംവദിക്കുന്നത്. ഹോട്ടൽ അളകാപുരിയിൽ നടന്ന പ്രദർശനവും ബംഗളൂരുവിലെ ട്രാൻസ് ആക്റ്റിവിസ്റ്റ് അക്കായി പത്മശാലിക്കുള്ള ആദരവും പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. ട്രാൻസ്ജെൻഡറുകൾ വസ്ത്ര രീതിയിലും ജീവിത രീതിയിലുമെല്ലാം സാധാരണ ആളുകളെപ്പോലെ വരേണ്ടതുണ്ടെന്ന് എം.എൽ.എ പറഞ്ഞു. സമൂഹത്തിൽനിന്ന് ഭിന്നമായി നിൽക്കുന്നത് ശരിയല്ല. ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തി​െൻറ സമ്പത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ മാത്രമല്ല തങ്ങളുടെ പ്രശ്നമെന്നും അഭിമാനത്തോടെ എല്ലാവരെയും പോലെ ജീവിക്കാൻ ട്രാൻസ്ജെൻഡറുകൾക്കും അവകാശമുണ്ടെന്നും മുഖ്യാതിഥിയായ അക്കായി പത്മശാലി പറഞ്ഞു. 21ാം നൂറ്റാണ്ടിലും അസ്തിത്വത്തിനും മൗലികാവകാശങ്ങൾക്കും വേണ്ടി പോരാടേണ്ട അവസ്ഥയാണുള്ളത്. ഇതിനുത്തരവാദി ഭരണകൂടമാണ്. ട്രാൻസ്ജൻഡറുകൾ തൊട്ടുകൂടാത്തവർക്കും കീഴിലായാണ് പരിഗണിക്കപ്പെടുന്നത്. തങ്ങൾക്ക് അസുഖം വന്നാൽ തൊടാൻ പോലും ഡോക്ടർമാർക്കും മറ്റും മടിയാണ്. ട്രാൻസ്ജെൻഡറുകൾക്കും തുല്യാവകാശമെന്ന 2014ലെ സുപ്രീംകോടതി വിധി നടപ്പാക്കിയാൽ മാത്രമേ തങ്ങൾ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്കരണത്തിൽനിന്ന് മോചിതരാവൂ എന്നും അവർ പറഞ്ഞു. പി.വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ആർ. നാഥൻ, പി.ജെ ജോഷ്വ, എ.കെ.ബി. നായർ, ശീതൾ ശ്യാം, എം. ബാലകൃഷ്ണൻ, പി.സി. ഹരീഷ്, വിവേകാനന്ദ ചൈതന്യ, രഞ്ജു രഞ്ജിമർ എന്നിവർ സംസാരിച്ചു. ഗൗതം സുകുമാർ സ്വാഗതവും വേണു താമരശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.