വികസനത്തിനായി 'തുരങ്കം' വെക്കാം

ഫറോക്ക്: ചാലിയാർ പുഴക്ക് കുറുകെ യാത്രാതുരങ്കം നിർമിക്കുന്ന പദ്ധതി വി.കെ.സി. മമ്മദ് കോയ എം.എൽ.എ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും സമർപ്പിച്ചു. ബേപ്പൂരിൽ ചാലിയാർ പുഴയുടെ ഇരു കരകളും ബന്ധിപ്പിക്കുന്ന റോഡില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മറുകരയെത്താൻ എട്ട് കിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം. ഇടവിട്ട സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ജങ്കാറാണ് ഏക ആശ്വാസം. ഇരു കരകൾക്കുമിടയിൽ കപ്പൽച്ചാൽ ഉള്ളതിനാൽ പുഴക്ക് കുറുകെ പാലം നിർമിക്കുക അപ്രായോഗികമാണ്. ബേപ്പൂർ ഭാഗത്തു തീരദേശ പാത മുറിഞ്ഞു കിടക്കുന്നതിനാൽ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുന്നവർ അധികം ദൂരം താണ്ടേണ്ടി വരുന്നു. ഇരു കരകളും തമ്മിൽ റോഡ് മാർഗം ബന്ധമുണ്ടായിരുന്നെങ്കിൽ ബേപ്പൂർ തുറമുഖും വലിയ തോതിൽ വികസിപ്പിക്കാൻ കഴിയുമായിരുന്നു. കൂടാതെ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനും കാരണമാകും. ഇരു കരകളെയും ബന്ധിപ്പിക്കാൻ ഏറ്റവും അനുയോജ്യം പുഴക്ക് അടിയിലൂടെയുള്ള തുരങ്കമാണ്. േബപ്പൂർ തുറമുഖത്തി​െൻറ ഭാവി വികസനം കൂടി കണക്കിലെടുത്താണ് തുരങ്കത്തി​െൻറ ആഴം കണക്കാക്കിയിരിക്കുന്നത്. നിലവിലുള്ള തീരദേശ പാതയുടെ അടിയിലൂടെ തുരങ്കം നിർമിക്കാനുദ്ദേശിച്ചിരിക്കുന്നതിനാൽ വളരെ കുറച്ചു മാത്രം സ്ഥലം ഇതിനായി ഒഴിപ്പിച്ചെടുത്താൽ മതിയാകും. ഏകദേശം രണ്ട് കിലോമീറ്റർ നീളത്തിലാണ് തുരങ്കം നിർമിക്കാനുദ്ദേശിക്കുന്നത്. ഇതിൽ 400 മീറ്ററോളം നീളം അടിത്തട്ടിന് താഴെയാണ്. ഏഴര മീറ്റർ റോഡും ഇരുവശത്തും നടപ്പാതയുൾപ്പെടെ ഏകദേശം 10.5 മീറ്ററാണ് ആകെ വീതി. തുരങ്കത്തിന് വൃത്താകൃതി ആയിരിക്കും. വിശദ പഠനത്തിന് ശേഷമേ പദ്ധതി പൂർത്തീകരണത്തിനും ആവശ്യമായ ചെലവ് കണക്കാക്കാൻ സാധിക്കൂ. 356 കോടിയാണ് മതിപ്പ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ആവശ്യമായ സുരക്ഷ മുൻകരുതലുകളും അനുബന്ധ നിർമാണങ്ങളും ഇതോടൊപ്പം പൂർത്തീകരിക്കേണ്ടി വരും. നിർമാണം പൂർത്തിയായാൽ പുഴയുടെ അടിയിലൂടെയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ റോഡ് തുരങ്കമായിരിക്കും ഇത്. തീരദേശ മേഖലയുടെ വികസനത്തിന് തുരങ്കം വഴിയൊരുക്കും. വി.കെ.സി. മമ്മദ് കോയ എം.എൽ.എയുടെ അഭ്യർഥന കണക്കിലെടുത്ത് തീരദേശ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന ഹാർബർ എൻജിനീയറിങ് വകുപ്പി​െൻറ കോഴിക്കോട് ഡിവിഷനാണ് പദ്ധതിയുടെ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.