മുക്കം: ഒന്നര മാസം മുമ്പ് അപേക്ഷിച്ച വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ദമ്പതികൾ നഗരസഭ ഓഫിസടക്കാൻ അനുവദിച്ചില്ല. ഒടുവിൽ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയ ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റൻറിനെ രാത്രി എട്ടരയോടെ നഗരസഭ ഓഫിസിലേക്ക് തിരികെ കൊണ്ടുവന്നാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. കോട്ടയം കോരുത്തോട് ജോഷി-, തോട്ടുമുക്കം ബിന്ദു ദമ്പതികളാണ് വെളളിയാഴ്ച രാവിലെ 9.30 മുതൽ രാത്രി 8 .45 വരെ പ്രതിഷേധവുമായി മുക്കം നഗരസഭ ഓഫിസിന് മുമ്പിൽ കുത്തിയിരിപ്പ് നടത്തിയത്. രാത്രി 8.50ന് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങി ദമ്പതികൾ പോകുന്ന രംഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ടെക്നിക്കൽ സ്റ്റാഫുകൾ കൈയേറ്റം നടത്താൻ ശ്രമം നടത്തി. ഇതേ തുടർന്ന് അൽപനേരം വാക്കേറ്റവും നടന്നു. കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിനാണ് ഇവർ മുക്കം നഗരസഭയിൽ വിവാഹ സർട്ടിഫിക്കറ്റിനും ജനന സർട്ടിഫിക്കറ്റിനും അപേക്ഷ നൽകിയത്. അപേക്ഷ നൽകി 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം. അപേക്ഷ നൽകി 20 ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ഒക്ടോബർ ആദ്യ വാരത്തിൽ ബിന്ദു നഗരസഭ ഓഫിസിലെത്തിയപ്പോൾ അപേക്ഷയുമായി ബന്ധപ്പെട്ട യാതൊരു തുടർ നടപടികളും സ്വീകരിച്ചിരുന്നില്ല. കാരണം അന്വേഷിച്ചപ്പോൾ ലേറ്റ് വിവാഹ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓൺലൈനായി നൽകണമെന്ന പുതിയ നിയമം നിലവിൽ വന്നിട്ടുണ്ടെന്നും അതിനാൽ പുതിയ അപേക്ഷ നൽകണമെന്നും പറഞ്ഞു. അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രത്തിൽ ചെന്നപ്പോൾ സെർവർ തകരാറിലാണെന്നായിരുന്നു മറുപടി. തുടർന്ന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് അപേക്ഷ തയാറാക്കിയത്. കൈകൊണ്ട് തുടർന്ന് അപേക്ഷ നൽകാനായി കോട്ടയത്ത് നിന്നും വീണ്ടും ദമ്പതികൾ വരുകയായിരുന്നു. ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റൻറ് ഷീബക്ക് വന്ന കൈപ്പിഴയാണ് ദമ്പതികളുടെ സർട്ടിഫിക്കറ്റ് റദ്ദാകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചതത്രേ. സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സിവിൽ സ്റ്റേഷനിൽ സമർപ്പിച്ചതിനെ തുടർന്ന് ഡി.ഡി.പി വിവാഹ സർട്ടിഫിക്കറ്റ് നഗരസഭ കാര്യാലയത്തിലേക്ക് അയച്ചിരുന്നു. ഈ സർട്ടിഫിക്കറ്റിെൻറ പകർപ്പ് കൈപ്പറ്റാനാണ് ബിന്ദു വെള്ളിയാഴ്ച രാവിലെ നഗരസഭ ഓഫിസിലെത്തിയത്. വൈകുന്നേരം വരെ ഓഫിസിൽ നിന്നെങ്കിലും നഗരസഭയിൽ നിന്നും സർട്ടിഫിക്കറ്റ് നൽകിയില്ല. അപേക്ഷ നൽകിയതിന് ശേഷം സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ബിന്ദു കോട്ടയത്തു നിന്നും മുക്കത്തേക്ക് വന്നത് അഞ്ച് തവണയാണ്. ഓരോ തവണ വരുമ്പോഴും വിവിധ സർട്ടിഫിക്കറ്റുകൾ വേണമെന്നാവശ്യപ്പെട്ട് നഗരസഭാ ജീവനക്കാർ തിരിച്ചയയ്ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.