വടകര: നോയ്ഡയിലെ അമിറ്റി യൂനിവേഴ്സിറ്റിയിൽ ഫോറൻസിക് സയൻസ് പഠനം നടത്തുന്ന ഭൂട്ടാൻ സ്വദേശികളായ റിഞ്ചൻ, ഷേര എന്നിവർ കേരളത്തെക്കുറിച്ച് അറിഞ്ഞത് മലയാളികളായ അധ്യാപകരിലൂടെയാണ്. അങ്ങനെ, മനസ്സിൽ കണ്ട വർണചിത്രങ്ങളുമായാണ് മലയാളമണ്ണിലെത്തിയത്. മോഹമറിഞ്ഞപ്പോൾ സഹപാഠികളായ കോഴിക്കോട് കുറ്റ്യാടിയിലെ അമൽ പാഷ, നിലമ്പൂരിലെ ജെറി ചെറിയാൻ എന്നിവർക്കും ആഹ്ലാദം. യാത്ര തിരിക്കാൻനേരം സഹപാഠിയായ ഹൈദരാബാദ് സ്വദേശി തനിഷ്കും ഒപ്പം കൂടി. തിങ്കളാഴ്ചയാണ് ഇവിയെത്തിയത്. അപ്പോഴാണ് ഹർത്താലിെൻറ ദുരിതം അവർക്ക് മനസ്സിലായത്. ആളൊഴിഞ്ഞ ടൗൺ, പൂട്ടിക്കിടക്കുന്ന കടകൾ... എല്ലാം കാണുമ്പോൾ ഇവർ പറയുന്നു, 'ഇത്തരം സമരങ്ങൾ അനാവശ്യവും ഉപദ്രവകരവുമാണ്'. കേരളത്തിെൻറ പ്രകൃതി, ഭക്ഷണം, സംസ്കാരം എന്നിവ അറിയുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. സുഹൃത്തുക്കളുടെ വീടുകളിലെത്തിയ ഉടനെ അവർ നോക്കിനിൽക്കെ പറിച്ചെടുത്ത ഇളനീർ നൽകി. ഇളനീർമധുരം നുകർന്നതോടെ, ഹർത്താൽ നൽകിയ നിരാശ നീങ്ങി. ''കേരളം ഭക്ഷണ വൈവിധ്യങ്ങളുടെ കലവറയാണ്. ഇവിടെയുളള ചോറിനൊപ്പമുള്ള വിഭവങ്ങൾ ഇഷ്ടമായി'' -അവർ പറയുന്നു. പ്രായംചെന്നവരുടെ കൈപ്പുണ്യം ഒന്നുവേറെയാണെന്നു തിരിച്ചറിയുന്നത് ഇവിടത്തെ വീടുകളിലെത്തിയപ്പോഴാണെന്ന് റിഞ്ചൻ, ഷേര എന്നിവർ പറയുന്നു. പലപ്പോഴും കേരള ഫുഡ് എന്ന് പരിചയപ്പെടുത്തി മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഭിച്ച ഭക്ഷണം രുചികരമല്ലെന്നും ഇവർ പറയുന്നു. കേരളത്തിെൻറ പ്രകൃതിഭംഗിക്കൊപ്പം നാടിെൻറ ശുചിത്വത്തിനും ഇവർ എ പ്ലസ് തരും. മലയാള ഭാഷ ഏറെ പ്രയാസം നിറഞ്ഞതാണെങ്കിലും പഠിക്കാൻ ശ്രമിക്കുകയാണെന്ന് ഇവർ. ഈ വരവിൽ കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്നത്. ഉൗട്ടി യാത്ര മനസ്സിലുണ്ടായിരുന്നെങ്കിലും മഴകാരണം വേണ്ടെന്നുവെച്ചു. ട്രെയിൻ മാർഗമാണ് കോഴിക്കോെട്ടത്തിയത്. ഈ മാസം 20ന് യാത്രതിരിക്കും. --അനൂപ് അനന്തൻ---
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.