സി.പി.എം മേപ്പയൂർ ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം

മേപ്പയൂർ: സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം. മത്സരിച്ച രണ്ടു പേരും പരാജയപ്പെട്ടു. മുൻ ബ്രാഞ്ച് സെക്രട്ടറി പി.സി. ഗോപാലൻ, ഡി.വൈ.എഫ്.ഐ നേതാവ് അമൽ ആസാദ് എന്നിവരാണ് മത്സരിച്ചത്. വോട്ടവകാശമുള്ള 68 പ്രതിനിധികളുള്ള സമ്മേളനത്തിൽ മത്സരിച്ച രണ്ടു പേരും പരാജയപ്പെടുകയായിരുന്നു. കെ. രാജീവൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിച്ചതിനെതിരെയും വിഭാഗീയത പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും ഉൾെപ്പടെയുള്ള വിമർശനങ്ങൾ സമ്മേളനത്തിൽ ഉയർന്നു. പുതിയ ലോക്കൽ കമ്മിറ്റിയിൽ യുവജന--ന്യൂനപക്ഷ--പട്ടികജാതി പ്രാതിനിധ്യം ഉറപ്പുവരുത്തിയില്ലെന്ന വിമർശനമാണ് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വിഭാഗത്തിനുള്ളത്. കഴിഞ്ഞ ലോക്കൽ സമ്മേളനത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒരു വിഭാഗം നേതാക്കൾ രാജിക്കത്ത് നൽകി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് പാർട്ടി നേതൃത്വം ഇടപെടുകയും അന്വേഷണ കമീഷനെ നിയമിക്കുകയും ചെയ്തു. പിന്നീട്, തെരഞ്ഞെടുക്കപ്പെട്ട ലോക്കൽ കമ്മിറ്റതന്നെ പിരിച്ചുവിടുകയും മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ് സെക്രട്ടറിയായി അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപംനൽകുകയും ചെയ്തിരുന്നു. തുടർന്ന് മേപ്പയൂർ ലോക്കൽ കമ്മിറ്റി വിഭജിച്ച് മേപ്പയൂർ സൗത്ത്, നോർത്ത് എന്നിങ്ങനെ കമ്മിറ്റികളാക്കി കെ. രാജീവൻ, പി.പി. രാധാകൃഷ്ണൻ എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുക്കുകയായിരുന്നു. അതിനുശേഷം നടക്കുന്ന ആദ്യ സമ്മേളനത്തിൽ വീണ്ടും മത്സരമുണ്ടായത് പല കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം ഒക്ടോബർ 29, 30 തീയതികളിലായി ജനകീയമുക്കിൽ നടക്കും. സൗത്ത് ലോക്കൽ സമ്മേളനത്തിൽ നടന്ന മത്സരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ പ്രതിഫലിക്കുമോയെന്ന ആശങ്ക പ്രവർത്തകർക്കിടയിൽ ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.