വാവുത്സവത്തിനൊരുങ്ങി കടലുണ്ടി

കടലുണ്ടി: കടലുണ്ടി ഗ്രാമത്തിന് ഉത്സവാന്തരീക്ഷം നൽകി വാവുത്സവത്തി​െൻറ പ്രധാന ചടങ്ങുകളിൽ ഒന്നായ 'ജാതവൻ പുറപ്പാട്' മണ്ണൂരിലെ ജാതവൻ കോട്ടയിൽ നിന്നാരംഭിച്ചു. കുന്നത്ത് തറവാട് കാരണവരുടെ അനുവാദവും അമ്പാളി കാരണവരുടെ അകമ്പടിയുമായി മാരത്തയി തറവാട്ടുകാരുടെ സാന്നിധ്യത്തിൽ കടിൽപ്പുരക്കൽ തറവാട്ടുകാരാണ് ജാതവൻ പുറപ്പാടി​െൻറ അനുഷ്ഠാന കർമങ്ങൾ നിർവഹിച്ചത്. തിങ്ങിനിറഞ്ഞ ഭക്തജനങ്ങൾക്ക് അനുഗ്രഹമേകി ജാതവൻ ആദ്യം മണ്ണൂരമ്പല നടയിൽ മേൽശാന്തി ഒരുക്കിയ നിവേദ്യം സ്വീകരിച്ചു. തുടർന്ന് എട്ടിലാത്ത് ഇല്ലത്തെ നിറച്ചെപ്പ് സ്വീകരണവും കഴിഞ്ഞുള്ള പുറപ്പാടിൽ ഭക്തജനങ്ങളോടൊപ്പം ഇഷ്ട വിനോദമായ കാര കളി കളിച്ചു. ബുധനാഴ്ച വിവിധ കേന്ദ്രങ്ങളിൽ ഊരുചുറ്റി തുലാമാസത്തിലെ കറുത്ത വാവായ വ്യാഴാഴ്ച കടലുണ്ടി വാക്കടവിൽ പുലർച്ചെ നീരാട്ടിനെത്തുന്ന അമ്മ പേടിയാട്ട് ദേവിയെ കണ്ടുമുട്ടും. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ സംഗമമാണ് വാവുത്സവത്തി​െൻറ കാതൽ. പേടിയാട്ടമ്മയുടെ നീരാട്ട് കഴിഞ്ഞ കടലിൽ വാക്കുളിക്കും ബലിതർപ്പണത്തിനുമായി ആയിരങ്ങൾ എത്തിച്ചേരും. നാളെ ഉച്ചയോടെ നീരാട്ട് കഴിഞ്ഞ് സർവാഭരണ വിഭൂഷിതയായ അമ്മ ദേവിയോടൊപ്പം ജാതവനും തിരിച്ചെഴുന്നള്ളും. എഴുന്നള്ളത്ത് കുന്നത്ത് തറവാട്ടിൽ എത്തുന്നതോടെ വ്രതാനുഷ്ഠരായ കുന്നത്ത് നമ്പ്യാന്മാർ വെള്ളരി നിവേദ്യത്തോടെ ദേവിയെ സ്വീകരിക്കും. കുന്നത്ത് മണിത്തറയിലെ പീഠത്തിലിരുന്ന് ദേവി കുന്നത്ത് പാടത്തെ പടകളിക്കണ്ടത്തിൽ ഇഷ്ട വിനോദമായ പടകളി തല്ല് ആസ്വദിച്ച ശേഷം കറുത്തങ്ങാട് ഇല്ലത്തേക്ക് യാത്രയാകും. മണ്ണൂർ ശിവക്ഷേത്രം മേൽശാന്തി ഒരുക്കുന്ന വെള്ളരി നിവേദ്യം സ്വീകരിച്ച ശേഷം പേടിയാട്ട് ക്ഷേത്രത്തിലെത്തി പനയമഠം തറവാട്ടുകാർ ഒരുക്കുന്ന വെള്ളരി നിവേദ്യവും സ്വീകരിക്കുന്നു. സന്ധ്യയോടെ കുടികൂട്ടൽ ചടങ്ങും കഴിഞ്ഞ് ഉത്സവം സമാപിക്കും. വാക്കടവിലെത്തുന്ന ഭക്തർക്ക് ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയതായി കടലുണ്ടി വാവുബലിതർപ്പണ സമിതി അറിയിച്ചു. ആചാര്യൻ ഡോ. ശ്രീനാഥ് നന്മണ്ടയുടെ കാർമികത്വത്തിലാണ് ബലിതർപ്പണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.