പൊലീസും നഗരസഭയും നടപടിയെടുക്കുന്നില്ലെന്ന് പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത് കൊടുവള്ളി: കൊടുവള്ളി ടൗണിൽ പൊതുസ്ഥലത്ത് അനധികൃത വഴിയോര കച്ചവടങ്ങൾ വ്യാപകം. നിരവധിതവണ പരാതി നൽകിയിട്ടും പൊലീസും നഗരസഭയും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഏറെ തിരക്കും ഗതാഗത തടസ്സവും അനുഭവപ്പെടുന്ന കൊടുവള്ളി ടൗണിലും മാർക്കറ്റ് റോഡിലുമാണ് വഴിയോര കച്ചവടക്കാർ പിടിമുറുക്കിയിരിക്കുന്നത്. ഫുട്പാത്ത് ൈകയേറിയുള്ള കച്ചവടവും വ്യാപകമാണ്. വിവിധ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചതും വസ്തുക്കൾ വിൽപ്പനക്കായി വെച്ചതും വിവിധ ഭാഗങ്ങളിൽ ഫുട്പാത്ത് ൈകയേറിയാണ്. ഇത് കാൽനട യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആഴ്ചച്ചന്ത നടക്കുന്ന വ്യാഴാഴ്ച്ചയുൾപ്പെടെ മിക്ക ദിവസങ്ങളിലും വഴിയോര കച്ചവടക്കാർ കൊടുവള്ളിയിൽ സജീവമാണ്. ഇത് തടയണമെന്നാവശ്യപ്പെട്ട് നിരവധി തവണ വ്യാപാരികൾ കൊടുവള്ളി പൊലീസിലും നഗരസഭക്കും പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെയും നടപടിയുണ്ടായില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികൾ പറയുന്നത്. വിഷയത്തിൽ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വ്യാപാരികൾതന്നെ വഴിയോര കച്ചവടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് കാണിച്ച് കഴിഞ്ഞദിവസം നഗരസഭക്കും, പൊലീസിനും കത്ത് നൽകിയിരുന്നതായും ഭാരവാഹികൾ പറയുന്നു. വ്യാഴാഴ്ച്ചയും പ്രശ്നത്തിൽ നടപടിയുണ്ടാവാത്തതിനെ തുർന്ന് ഉച്ചയോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ സംഘടിച്ച് പ്രകടനമായെത്തി വഴിയോര കച്ചവടം തടയുകയായിരുന്നു. തുടർന്നും, വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും വ്യാപാരികൾ സമരവുമായി രംഗത്തുണ്ടാവുമെന്ന് യുനിറ്റ് പ്രസിഡൻറ് പി.ടി.എ. ലത്തീഫ് പറഞ്ഞു. പ്രതിഷേധത്തിന് പ്രസിഡൻറ് പി.ടി.എ. ലത്തീഫ്, സെക്രട്ടറി ടി.പി. അർഷാദ്, അബ്ദുൽ ഖാദർ, എൻ.പി. ലത്തീഫ്, വാസു തുടങ്ങിയവർ നേതൃത്വം നൽകി. അതേസമയം, അനധികൃത വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കാനും നടപടിയെടുക്കാനുമായി നാഷനൽ ഹൈവേ വിഭാഗത്തോടും പൊതുമരാമത്ത് വകുപ്പിനോടും പൊലീസിനോടും ആവശ്യപ്പെട്ടതാണെന്ന് നഗരസഭ ൈവസ് ചെയർമാൻ എ.പി. മജീദ് പറഞ്ഞു. ഇക്കാര്യത്തിൽ ഇവർ കാണിക്കുന്ന അലംഭാവമാണ് കച്ചവടം വ്യാപകമാവാൻ ഇടവന്നതെന്നും അനധികൃത കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുന്നതിെൻറ ഭാഗമായി വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.