പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിലെ അനധികൃത മീൻപിടുത്തവും തുടർന്നുള്ള അപകട മരണങ്ങളും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകസമിതി തയാറാക്കിയ അന്വേഷണ റിപോർട്ട് ഫയലിലുറങ്ങുമ്പോൾ ഡാമിലെ അനധികൃത കൈയേറ്റവും മീൻപിടുത്തവും മുറപോലെ തുടരുന്നു. ഡാമിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിലും വനത്തിലും ടെൻറുകൾ കെട്ടിത്താമസിച്ചാണ് മീൻപിടുത്തവും നായാട്ടും നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ജൂലൈ 16ന് ബാണാസുര സാഗർ ഡാം റിസർവോയറിൽ മീൻ പിടിക്കാനിറങ്ങിയ നാലുപേർ കൊട്ടത്തോണി മറിഞ്ഞ് മുങ്ങി മരിച്ചിരുന്നു. ഇതേ സ്ഥലത്താണ് ആളുകൾ ഇപ്പോഴും മീൻ പിടിക്കാനിറങ്ങുന്നത്. കനത്തമഴയെ തുടർന്ന് വെള്ളംപൊങ്ങിയ ഡാമിൽ മുമ്പത്തേതിലും അപകടസാധ്യത നിലനിൽക്കെയാണ് അനധികൃത മീൻപിടുത്തം വീണ്ടും സജീവമായിരിക്കുന്നത്. പഴയ തരിയോട് പൊലീസ് സ്റ്റേഷൻ നിന്നിരുന്ന സ്ഥലത്ത് ഇവർ ഉപയോഗിച്ച നിരവധി അടുപ്പുകൾ ഇപ്പോഴും കാണാം. മീൻപിടുത്തത്തിെൻറ മറവിൽ റിസർവോയറിനോട് ചേർന്ന വനത്തിൽ നായാട്ട് നടക്കുന്നതായും പരാതിയുണ്ട്. പ്രദേശത്തെ ചിലരുടെ ഒത്താശയോടെ പുറത്തുനിന്നും എത്തുന്നവരാണ് രാപ്പകൽ വ്യത്യാസമില്ലാതെ ഇവിടെ വിലസുന്നത്. സമീപത്തെ റിസോർട്ടുകളിലെത്തുന്ന സഞ്ചാരികളും രാത്രിയിൽ മീൻ പിടിക്കാനിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുരന്തങ്ങൾ ആവർത്തിക്കാൻ ഇത് ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. ജൂലൈ 16ന് നാലുപേർ മുങ്ങിമരിച്ച സംഭവത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച ജില്ല കലക്ടർ നാട്ടുകാരുടെ പരാതിയെക്കുറിച്ചും സുരക്ഷ സംവിധാനങ്ങളെക്കുറിച്ചും അന്വേഷിക്കാൻ എ.ഡി.എം ചെയർമാനായി ആറംഗ അന്വേഷണസംഘത്തെ നിയമിക്കുകയായിരുന്നു. എ.ഡി.എം, അഗ്നിശമന രക്ഷാസേന അഡീഷനൽ ജില്ല ഓഫിസർ, സൗത്ത് വയനാട് ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ, കാരാപ്പുഴ ഇറിഗേഷൻ പ്രൊജക്ട് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, വൈത്തിരി തഹസിൽദാർ എന്നിവർ അംഗങ്ങളായുള്ള അന്വേഷണ സമിതി ദിവസങ്ങൾ എടുത്ത് തയാറാക്കിയ റിപോർട്ട് ആഗസ്റ്റ് ആദ്യവാരം ജില്ല കലക്ടർക്ക് സമർപ്പിച്ചിരുന്നു. ബാണാസുരയിലെ അപകടമരണങ്ങൾ നായാട്ടുപോലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെയാണ് ഉണ്ടായതെന്നായിരുന്നു കമ്മിറ്റി റിപോർട്ടിലെ കണ്ടെത്തലുകളിലൊന്ന്. രണ്ട് ഡാമുകളിലും മതിയായ സുരക്ഷയില്ല. ഇത് പരിഹരിക്കാനായി നിരവധി നിർദേശങ്ങളും റിപോർട്ടിലുണ്ട്. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന തോണികൾക്കും കൊട്ടത്തോണികൾക്കും മാത്രം റിസർവോയറിൽ അനുമതി നൽകുകയും ബാക്കിയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുക, പൊലീസ് നൈറ്റ് െപട്രോളിങ് ശക്തമാക്കുക, വൈകിട്ട് ആറുമണിക്ക് ശേഷം റിസർവോയറിനകത്ത് പ്രവേശനം നിരോധിക്കുക, അസമയത്ത് ഡാം പരിസരത്തു കാണുന്നവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ സുരക്ഷ നിർദേശങ്ങൾ റിപോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, റിപോർട്ട് സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. രാത്രിയിൽ റിസർവോയറിനകത്ത് ഇറങ്ങുന്നതും മീൻപിടിക്കുന്നതും നിർബാധം തുടരുകയാണ്. മെഗാ മെഡിക്കൽ ക്യാമ്പ് കമ്പളക്കാട്: സഹചാരി സെൻററിെൻറ ഒന്നാം വാർഷികത്തോടുബന്ധിച്ച് ഡി.എം വിംസ് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കടവൻ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ഡോ. ഷാനവാസ് പള്ളിയാൽ, അൻസാരിയ മദ്റസ കമ്മിറ്റി ജോ. സെക്രട്ടറി കെ.എം. മുഹമ്മദലി, എസ്.വൈ.എസ് ടൗൺ കമ്മിറ്റി പ്രസിഡൻറ് തോപ്പിൽ അഷ്റഫ് ഹാജി, എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡൻറ് നദീർ മൗലവി എന്നിവർ സംസാരിച്ചു. വി.എം. അബ്ദുസലീം, എം. ഹനീഫ, കെ.കെ. നിസാം, പി.ടി. ഹാഷിം, കെ.പി. ഷമീർ, വി.പി. ഷൈജൽ, നഈമുദ്ദീൻ, പി.കെ. നിഷാദ് എന്നിവർ നേതൃത്വം നൽകി. സി.പി. ഹാരിസ് ബാഖവി സ്വാഗതവും പി.യു. സുഹൈൽ നന്ദിയും പറഞ്ഞു. നിർമിതിവയലിൽ മണ്ണിട്ടുതുടങ്ങി; പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് പ്രതീക്ഷ പനമരം: നിർമിതികേന്ദ്രം വയലിൽ മണ്ണിട്ടുയർത്തുന്ന ജോലികൾ തുടങ്ങിയതോടെ പനമരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് പ്രതീക്ഷ. വയൽ മണ്ണിട്ടുയർത്തിക്കഴിഞ്ഞാൽ പിന്നെ കെട്ടിട നിർമാണത്തിന് കാത്തിരിക്കേണ്ടി വരില്ല. പനമരം പുഴയോരത്തെ നിർമിതിവയലിലെ പഴയ നിർമിതികേന്ദ്രം കെട്ടിടത്തിലാണ് നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കാലപ്പഴക്കംചെന്ന കെട്ടിടത്തിെൻറ ശോച്യാവസ്ഥ പൊലീസ് സ്റ്റേഷൻ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫയലുകൾ പോലും നനയാതെ സൂക്ഷിക്കാൻ ഇടമില്ല. എട്ടടി ഉയരത്തിലെങ്കിലും മണ്ണിട്ട് ഉയർത്തിയാലെ നിർമിതിവയൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നത് ഒഴിവാക്കാനാവു. അത്രയും ലോഡ് മണ്ണ് എവിടെനിന്ന് എത്തിക്കുമെന്നതാണ് തുടക്കംമുതൽ അധികൃതരെ അലട്ടിയത്. 40 ലോഡിൽ താഴെ മണ്ണാണ് ഇപ്പോൾ ഇറക്കിയത്. എന്നാൽ, 800ഓളം ലോഡെങ്കിലും ഉണ്ടെങ്കിേല എല്ലാ ഭാഗത്തുമാകു. മണ്ണ് ലഭ്യമാകുന്ന മുറക്ക് ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പനമരം പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങളായി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന ജോലികൾ നടന്നു. അതിർത്തികളിൽ വേലിക്കല്ല് സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ പനമരം േബ്ലാക്കിൽനിന്നും രണ്ടുപേർ പനമരം: ചൊവ്വാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ പനമരം ബ്ലോക്ക് പഞ്ചായത്തിൽനിന്നും രണ്ടുപേർ ഡൽഹിക്ക് യാത്രതിരിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിൽ കൃത്യസമയത്ത് വീടുപണി പൂർത്തിയാക്കിയ പുതിയിടം കോളനിയിലെ ബാലൻ, തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തിയാക്കിയ നടവയലിലെ മോളി എന്നിവരാണ് ഡൽഹിക്ക് തിരിച്ചത്. ഇവർക്ക് ശനിയാഴ്ച പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. പ്രസിഡൻറ് ദിലിപ് കുമാർ, വൈസ് പ്രസിഡൻറ് കെ. കുഞ്ഞായിഷ, മണി ഇല്യമ്പത്ത്, ജയന്തി രാജൻ, മേഴ്സി ബെന്നി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.