ജില്ലയിലെ മൃഗ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തും കുടുംബശ്രീയുമായി ചേർന്ന് ഇറച്ചിക്കോഴികളെ വളർത്തുന്ന പദ്ധതി പരിഗണനയിൽ ഇരുളം: ഒരു വീട്ടിൽ കുറഞ്ഞത് ഒരുപശു, അല്ലെങ്കിൽ ഒന്നോ രണ്ടോ ആടുകൾ, അഞ്ച് കോഴി എന്നിങ്ങനെ ശീലമായിരുന്ന മലയാളി അക്കാലത്തേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമായെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ. രാജു. മൃഗസംരക്ഷണ വകുപ്പ് പൂതാടി പഞ്ചായത്തിലെ ഇരുളം ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച മൃഗസംരക്ഷണ പ്രദർശന വിപണനമേള 'ഗോപായനം- 2017' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ ഭക്ഷ്യസുരക്ഷ പദ്ധതിയായ എെൻറ കുഞ്ഞാട്, 'പൗൾട്രിക്ലബ് അറ്റ് സ്കൂൾ' എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പാലിെൻറ കാര്യത്തിൽ സ്വയം പര്യാപ്തത നേടുകയാണ് സർക്കാറിെൻറ ലക്ഷ്യം. ഒരുവർഷം കൊണ്ട് 17 ശതമാനം വർധനനേടാൻ നമുക്കായി. ഈ രീതിയിൽ ശ്രമിച്ചാൽ ഒരു വർഷത്തിനകം പാലിെൻറ കാര്യത്തിൽ പര്യാപ്തത നേടാൻ സംസ്ഥാനത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മൃഗ ഡോക്ടർമാരുടെ ഒഴിവുനികത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 95 ബ്ലോക്കുകളിൽ ഈ വർഷം 24 മണിക്കൂറും ഒരു മൃഗഡോക്ടറുടെ സേവനം ഉറപ്പാക്കി. അടുത്തവർഷത്തോടെ ഇത് എല്ലാ ബ്ലോക്കുകളിലുമാക്കും. കുടുംബശ്രീയുമായി സഹകരിച്ച് ഇറച്ചിക്കോഴികളെ വളർത്തുന്നതിനുള്ള പദ്ധതിയും സർക്കാറിെൻറ പരിഗണനയിലാണ്. മികച്ചയിനം കന്നുകുട്ടികളെ പരിചയപ്പെടാനും അപൂർവയിനം നാടൻ പശുക്കളെയും വിവിധ ജനുസുകളിൽപെട്ട ആടുകളെയും കാണാൻ അവസരമൊരുക്കുകയാണ് ഗോപായനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗോട്ട് സാറ്റലൈറ്റ് പദ്ധതികളിലെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യവിതരണം, പാലുൽപാദന ബോണസ് വിതരണം, പിഗ് ഫാർമേഴ്സ് ലോഗോ പ്രകാശനം എന്നിവയും ചടങ്ങിൽ നടന്നു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, പൂതാടി പഞ്ചായത്ത് പ്രസിഡൻറ് രുഗ്മിണി സുബ്രഹ്മണ്യൻ, വൈസ് പ്രസിഡൻറ് ശ്രീജ സാബു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.ആർ. ഗീത, വർഗീസ് മുരിയൻ കാവിൽ, ഡോ. വി. ഗോപകുമാർ, ഡോ. കെ.എസ്. േപ്രമൻ എന്നിവർ പങ്കെടുത്തു. ജനങ്ങളെ ആകർഷിച്ച് കന്നുകാലി പ്രദർശനം ഇരുളം: കാൽമുട്ടുവരെ നീളുന്ന പരന്ന ചെവി, കണ്ണുതിരിച്ചറിയാൻ കഴിയാത്ത വിധം പടർന്നുനിൽക്കുന്ന മുഖത്തെ രോമങ്ങൾ, കണ്ടാൽ പേടി തോന്നുന്ന തലയെടുപ്പ്. ഇരുളം ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച മൃഗസംരക്ഷണ പ്രദർശന വിപണനമേള 'ഗോപായനം- 2017'ൽ ജമുനപ്യാരി വിഭാഗത്തിലെ ആടാണ് പ്രത്യേകതകൾ കൊണ്ട് കുട്ടികളുൾപ്പടെ ഏവരെയും ആകർഷിച്ചത്. കന്നുകാലി പ്രദർശനത്തിൽ 300ഒാളം കന്നുകുട്ടികളുണ്ട്. പശുക്കളിൽ ഗിർ, കാസർകോടൻ കുള്ളൻ, വയനാടൻ പശു, വെച്ചൂർ പശു, ആടുകളിൽ കേമനായ ബീറ്റൽ, ഡ്യൂറോക്ക്, ലാൻേഡ്രയ്സ്, ലാർജ് വൈറ്റ് യോർക്ക് ഷെയർ ഇനങ്ങളിൽപ്പെട്ട ഭീമൻമാരായ പന്നികൾ എന്നിവയും പ്രദർശനത്തിെൻറ മുഖ്യ ആകർഷണമായി. ജില്ലയിൽ ആദ്യമായി മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ഫെസ്റ്റ് കർഷകർക്ക് വേറിട്ട അനുഭവമാണ് നൽകിയത്. 250 കന്നുകുട്ടികളാണ് പ്രദർശനത്തിനെത്തിയത്. പശുക്കുട്ടികളുടെയും കിടാരികളുടെയും പ്രദർശന മത്സരവും നടത്തി. നാടൻ, മലബാറി, ജമുനപ്യാരി, ബീറ്റൽ തുടങ്ങിയ ഇനങ്ങളിലെ ആടുകളുടെ പ്രദർശനവും വിൽപനയും നടന്നു. വിവിധയിനം മുട്ടക്കോഴികൾ കരിംകോഴി, കാട എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു. പ്രദർശനം കാണാൻ നിരവധിപേരാണ് എത്തിയത്. മന്ത്രി കെ. രാജു പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. ജില്ല മൃഗസംരക്ഷണ കേന്ദ്രത്തിന് 17 ലക്ഷംകൂടി --മന്ത്രി കെ. രാജു *വലിയ പഞ്ചായത്തുകളിൽ രണ്ടാമതൊരു മൃഗാശുപത്രി ആലോചനയിൽ കൽപറ്റ: ജില്ല മൃഗസംരക്ഷണ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ ഒരുക്കുന്നതിന് 17 ലക്ഷം ഉടൻ അനുവദിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ. രാജു പറഞ്ഞു. കൽപറ്റ മൃഗസംരക്ഷണ കേന്ദ്രത്തോടനുബന്ധിച്ച് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ ജന്തുരോഗ നിയന്ത്രണ കാര്യാലയത്തിെൻറ കെട്ടിടോദ്ഘാടനവും ജില്ല തല സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 50 ലക്ഷം ചെലവഴിച്ച് പണിത കെട്ടിടത്തിലേക്ക് ഫർണിച്ചറുകൾ വാങ്ങാൻ അഞ്ചുലക്ഷവും പേവിഷബാധ പരിശോധിക്കാൻ കഴിയുന്ന ലാബ് ആരംഭിക്കാൻ രണ്ടുലക്ഷവും അൾട്രാ സൗണ്ട് സ്കാനർ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയുമാണ് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാലുൽപാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വയനാടിന് ശ്രമിച്ചാൽ ഒന്നാമതെത്താൻ പ്രയാസമുണ്ടാവില്ല. ദുരന്തത്തിൽ ചത്തുപോകുന്ന കന്നുകാലികൾക്ക് നഷ്ടപരിഹാരം നൽകാനായി 16 കോടി സർക്കാർ നൽകിയിട്ടുണ്ട്. വലിയ പഞ്ചായത്തുകളിൽ ആവശ്യമെങ്കിൽ രണ്ടാമതൊരു മൃഗാശുപത്രിയും സർക്കാർ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. കൽപറ്റ നഗരസഭ ചെയർപേഴ്സൻ ഉമൈബാ മൊയ്തീൻകുട്ടി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.ആർ. ഗീത, കൽപറ്റ നഗരസഭ വൈസ് ചെയർമാൻ പി.പി. അലി, നഗരസഭ കൗൺസിൽ വി. ശ്രീജ, ഡോ. വി. ഗോപകുമാർ, ഡോ. വി. സുരേഷ്കുമാർ, കെ.കെ. ഹനീഫ, ഡോ. കെ. രാജ് മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.