വെള്ളിമാട്കുന്ന്: മസ്തിഷ്ക മരണം സംഭവിച്ച മക്കളുടെ അവയവദാനത്തിലൂടെ ഇൗ ലോകത്ത് അവരുടെ സാന്നിധ്യം വീണ്ടുമറിയാനും കാണാനും പറ്റുമെന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് അത് വെറുതെയായില്ല. ജില്ല പഞ്ചായത്ത് സ്നേഹസ്പർശം പദ്ധതി ജില്ലയിലെ അവയവ ദാതാക്കളുടെ കുടുംബങ്ങൾക്കുള്ള ആദരവും സ്വീകരിച്ചവരുടെ സംഗമവും നടത്തിയപ്പോഴാണ് അവയവങ്ങൾ സ്വീകരിച്ചവരെ നേരിൽ കാണാനായത്. ഏറെ വൈകാരിക മുഹൂർത്തത്തിനാണ് ശനിയാഴ്ച വൈകീട്ട് ജെ.ഡി.ടി ഹാൾ സാക്ഷ്യം വഹിച്ചത്. മക്കളുടെ അവയവം മിടിക്കുന്ന ശരീരം കണ്ടപ്പോൾ പലരും ദുർബലരായി. അവയവം സ്വീകരിച്ചവർ ദാതാക്കളുടെ ബന്ധുക്കളെ പൊന്നാടയണിയിച്ചപ്പോൾ നഷ്ടപ്പെട്ടവരുടെ സാന്നിധ്യം കുടുംബാംഗങ്ങൾ അറിയുകയായിരുന്നു. ഇരുപതോളം അവയവ ദാതാക്കളുടെ കുടുംബങ്ങളും സ്വീകരിച്ചവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപേർ ഒത്തുചേർന്നു. അവയവം നൽകാൻ സമ്മതം നൽകിയവരും സ്വീകരിച്ചവരും വിഭാഗീയതകളൊന്നുമില്ലാതെ ഒന്നായി തീരുകയായിരുന്നു. 27 വർഷം മുമ്പ് സ്വന്തം വൃക്ക ദാനം ചെയ്ത കല്ലാനോട് പി.ജെ. ജോസഫിനെ ചടങ്ങിൽ ആദരിച്ചു. കല്ലായിലെ ദീപുവിെൻറ മാതാവ് പ്രസന്നയെയും ചെട്ടികുളത്തെ കീർത്തനയുടെ പിതാവ് അനിൽകുമാറിനെയും, അരുൺ ജോർജിെൻറ പിതാവ് ജോർജിനെയും ചെട്ടികുളത്തെ സായ്ശരോൺ, വടകര നിജിൽരാജ്, കേക്കാടിയിലെ പ്രമീള, ചെമ്പനോട രാജു, കൊയിലാണ്ടിയിലെ രതീഷ്, പുത്തൂരിലെ റെബിൻ, വടകരയിലെ ദിലീപ്, കൊയിലാണ്ടിയിലെ ലീല, അനിത, കായണ്ണ ഹരികുമാർ, പുതുപ്പാടി ചെറിയാൻ വർഗീസ് തുടങ്ങിയവരുടെ ബന്ധുക്കളെയും ചടങ്ങിൽ ആദരിച്ചു. ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ നടക്കുന്നതെന്നതിനാൽ കാഴ്ചക്കാരേറെയായിരുന്നു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. ജയകുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, അഹമ്മദ് പുന്നക്കൽ, കാനത്തിൽ ജമീല എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ് സ്വാഗതവും സ്നേഹസ്പർശം ട്രഷറർ ബി.വി. ജഹഫർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.