നദികളുടെയും തോടുകളുടെയും പുറമ്പോക്ക് സംരക്ഷണം ഉറപ്പാക്കണം- ^അഡീ. ചീഫ് സെക്രട്ടറി

നദികളുടെയും തോടുകളുടെയും പുറമ്പോക്ക് സംരക്ഷണം ഉറപ്പാക്കണം- -അഡീ. ചീഫ് സെക്രട്ടറി കോഴിക്കോട്: നദികളുടെയും തോടുകളുടെയും സംരക്ഷണത്തിന് അവയുടെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് സംരക്ഷിക്കാൻ നടപടി വേണമെന്നും തീര സംരക്ഷണം ഉറപ്പുവരുത്താതെ നദികളുടെ നിലനിൽപ് ഉറപ്പാക്കാനാവില്ലെന്നും അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. പുഴകളുടെ ജൈവ- ഭൗതിക- പാരിസ്ഥിതിക വ്യവസ്ഥയെ സംരക്ഷിക്കുന്നതും നദീതട പരിപാലനം നടപ്പാക്കുന്നതും സംബന്ധിച്ച് കലക്ടറേറ്റ് ഹാളിൽ സംഘടിപ്പിച്ച മേഖല ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നിർജീവമായ നദികളെ പുനരുജ്ജീവിപ്പിക്കുകയും നാശോന്മുഖമായവയെ ഉപയോഗപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മ​െൻറാണ് നദീ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാതല വിദഗ്ധ സമിതി അംഗങ്ങൾക്കായി മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് ബോധവത്കരണ ശിൽപശാല നടത്തുന്നത്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ വിദഗ്ധ സമിതി അംഗങ്ങളാണ് കോഴിക്കോട് നടന്ന ശിൽപശാലയിൽ പങ്കെടുത്തത്. കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമം 2001ൽ കേരളം പാസാക്കിയെങ്കിലും നദീ സംരക്ഷണം എവിടെയും എത്തിയില്ലെന്നും എന്നാൽ, മണൽവാരൽ നിർലോഭമായി നടന്നെന്നും അഡീഷനൽ ചീഫ് സെക്രട്ടറി പറഞ്ഞു. ലാൻഡ് റവന്യൂ കമീഷണർ എ.ടി. ജെയിംസ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ്, കണ്ണൂർ ജില്ല കലക്ടർ മിർ മുഹമ്മദ് അലി, ഐ.എൽ.ഡി.എം ഡയറക്ടർ ഇൻചാർജ് ഡോ. ഡി. സജിത്ത് ബാബു, കോഴിക്കോട് അസി. കലക്ടർ സ്നേഹിൽ സിങ് തുടങ്ങിയവർ പങ്കെടുത്തു. ഡോ. ശ്രീകുമാർ ചതോപാധ്യായ, ഇ.എസ്. സന്തോഷ് കുമാർ, ഡോ. കെ.ജെ. ജോർജ്, കെ. രാജീവ്, ഡോ. പി.കെ. ഷാജി, ഡോ. ഡി. സജിത്ത് ബാബു, ഡോ. ജെ. ഷാജി, എന്നിവർ ക്ലാസെടുത്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ കരട് ശിപാർശകളുടെ രൂപവത്കരണത്തിന് ലാൻഡ് റവന്യൂ കമീഷണർ എ.ടി. ജെയിംസ് നേതൃത്വം നൽകി. box ശിൽപശാലയിൽ ഉയർന്ന നിർദേശങ്ങൾ - -നദീതീര സസ്യജാലങ്ങളെ പഠന വിധേയമാക്കി ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷങ്ങളും സസ്യങ്ങളും വെച്ചുപിടിപ്പിക്കുക. ഉദാ: ആറ്റുവഞ്ചി, മുള. - -അനുയോജ്യമായ സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി പരിസ്ഥിതി സൗഹൃദ നടപ്പാതകൾ നിർമിക്കുക. - -പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും സംഘടിപ്പിച്ച് നദികളിലെ മാലിന്യം നീക്കംചെയ്ത് ശുചിയാക്കുക. - -കോൺക്രീറ്റ് തടയണ, കരിങ്കൽ ഭിത്തി എന്നിവയുടെ നിർമാണം കുറച്ച് ജൈവ സംരക്ഷണ മാർഗത്തിലൂടെ തീര സംരക്ഷണവും നീരൊഴുക്കും ഉറപ്പാക്കുക. - -പാലങ്ങളിൽനിന്ന് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കൈവരികളിൽ ഫെൻസിങ് സ്ഥാപിക്കുക. - -മഴവെള്ളക്കൊയ്ത്ത് പദ്ധതികൾ തീരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും നടപ്പാക്കുക. - -ജനവാസ മേഖലകളിലൂടെ ഒഴുകിയെത്തുന്ന കൈവഴികൾ, തോടുകൾ എന്നിവ നദികളിൽ ചേരുന്ന ഭാഗങ്ങളിൽ ലോഹവലകൾ സ്ഥാപിച്ച് മാലിന്യം സമയ ബന്ധിതമായി നീക്കംചെയ്യുക. - -പ്രാദേശികതലത്തിൽ നദീ സംരക്ഷണ സേനകൾ രൂപവത്കരിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.