കാര്‍ഷികരംഗത്തെ സ്​മാർട്ടാക്കാൻ മാനസും ശ്രേയയും

കോഴിക്കോട്: ആധുനിക സാങ്കേതികവിദ്യയിലെ നൂതന സംവിധാനത്തെ കാര്‍ഷികരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് കണ്ണൂര്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മാനസ് മനോഹറും ശ്രേയ മധുവും. ലോകത്തെവിടെയുമിരുന്ന് ഏതുസമയത്തും തങ്ങളുടെ കാര്‍ഷികവിളകളെ സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇവരുടെ പരീക്ഷണം. സംസ്ഥാന ശാസ്ത്രോത്സവത്തിൽ വര്‍ക്കിങ് മോഡലിൽ ഓട്ടോമാറ്റിക് ആയി കൃഷിയെ നിയന്ത്രിക്കാന്‍ കഴിയുന്ന പ്രോജക്ടാണ് ഇവർ പരിചയപ്പെടുത്തുന്നത്. കൃഷിയിടത്തെ മൊത്തമായി സ്വന്തം ൈകയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ മുഖേന നിയന്ത്രിക്കാനാവുമെന്ന് ഇരുവരും അവകാശപ്പെടുന്നു. കൃഷിയിടത്തില്‍ വെള്ളം കുറഞ്ഞാലും താപനില കൂടിയാലും കുറഞ്ഞാലും എല്ലാം മൊബൈല്‍ആപ്പ് വഴി അറിയാനാകും. ഇതുവഴി കൃഷിയിടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പൊന്നുവിളയുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിസ്ഥലത്തെ വെള്ളവും സൂര്യാതപവുമെല്ലാം ഓഡിനോ മൈക്രോ കണ്‍ട്രോള്‍ മുഖേന ബന്ധിപ്പിച്ചാണ് ഓട്ടോ പ്ലാൻറ് പ്രവര്‍ത്തിക്കുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്ന ബ്ലിങ്ക് എന്ന മൊബൈല്‍ ആപ്പ് വഴിയാണ് നിയന്ത്രിക്കുന്നത്. വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ ത​െൻറ ഈ നൂതന പരീക്ഷണം നടത്താനുള്ള ശ്രമവും വിദ്യാര്‍ഥികൾ തുടങ്ങിക്കഴിഞ്ഞു. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നതിനും മറ്റുമുള്ള ബുദ്ധിമുട്ട് നേരില്‍കണ്ടതാണ് മാനസിനെ ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.