ജനവാസ കേന്ദ്രത്തില്‍ മാലിന്യങ്ങള്‍ ഒഴുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

വില്യാപ്പള്ളി: ജനവാസ കേന്ദ്രത്തില്‍ മാലിന്യം ഒഴുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വില്യാപ്പള്ളി പഞ്ചായത്തില്‍ തിരുമന ക്ഷേത്രത്തിന് വടക്കു ഭാഗത്തായി പ്രവര്‍ത്തിക്കുന്ന, ഗാലക്സി ബേക്കറിയുടെ പാചകപ്പുരയുടെ മുറ്റത്ത് മാലിന്യം ഒഴുക്കുന്നതാണ് പ്രദേശവാസികള്‍ തടഞ്ഞത്. വടകര ടൗണ്‍, കുറ്റ്യാടി, നാദാപുരം, ഓര്‍ക്കാട്ടേരി, ആയഞ്ചേരി, വില്യാപ്പള്ളി ടൗൺ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്സി ബേക്കറികളിലെയും കൂള്‍ബാറുകളിലെയും കക്കൂസ് മാലിന്യമടക്കമുള്ളവയാണ് ഇവിടെയെത്തിച്ച് ഒഴുക്കിവിടുന്നത്. പാചകപ്പുരയുടെ മുറ്റത്ത് ഭൂമിക്കടിയില്‍ നിർമിച്ച വലിയ ടാങ്കിലേക്ക് വാഹനങ്ങളില്‍ കൊണ്ടുവരുന്ന ദ്രവമാലിന്യം പൈപ്പ് വഴി രാത്രികാലങ്ങളിലാണ് ഒഴുക്കുന്നത്. മാലിന്യം നിറച്ച ടാങ്കുമായി വന്ന കെ.എല്‍ 18 ആർ. 3468 നമ്പര്‍ വണ്ടി പ്രദേശത്തെ യുവാക്കളാണ് തടഞ്ഞത്. ഏതാനും ദിവസങ്ങളിലായി പത്തോളം തവണ മാലിന്യം ഇവിടെയെത്തിച്ച് ഒഴുക്കിവിട്ടതായി വണ്ടി ഡ്രൈവര്‍ പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഭാസ്കരന്‍, വാര്‍ഡ്‌ മെംബര്‍ ഒ.എം. സിന്ധു എന്നിവര്‍ സ്ഥലത്തെത്തി. പൊലീസും ഹെല്‍ത്ത് ഇന്‍സ്പെക്ടറും പരിശോധന നടത്തി. ഈ ടാങ്ക് നില്‍ക്കുന്നതിന് ഏതാനും മീറ്റര്‍ മാത്രം ദൂരത്താണ് തിരുമന ക്ഷേത്രവും തിരുമന എൽ.പി സ്കൂളും പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്തായി നിരവധി വീടുകളുമുണ്ട്. വടകര പൊലീസ് കേസെടുത്തു. പരിസരത്തെ കിണറുകളെല്ലാം പരിശോധിക്കുമെന്നും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.