പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ട്, നാല് വാർഡുകളിൽ ഉൾപ്പെടുന്ന നരയംകുളം ചെങ്ങോടുമല വിലക്കെടുത്ത് പാറ പൊട്ടിക്കാനുള്ള ഭൂമാഫിയയുടെ ശ്രമത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭത്തിന്. കോട്ടയം സ്വദേശികളാണ് സ്വകാര്യ വ്യക്തികളിൽനിന്ന് നൂറ് ഏക്കറിലധികം സ്ഥലം വാങ്ങിയത്. ഒരു സെൻറ് സ്ഥലത്തിന് 40,000 മുതൽ 45,000 വരെ രൂപയാണ് നൽകിയത്. മഞ്ഞൾ കൃഷി നടത്താനാണ് സ്ഥലം വിലക്കെടുത്തതെന്നാണ് ഇവരുടെ വാദം. ഇതിെൻറ ഒരു ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇവർ ഇവിടെ ക്രഷർ, ക്വാറി നടത്താനുള്ള അനുമതി വാങ്ങിയതായി രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള അനുമതിയും സംഘടിപ്പിച്ചിട്ടുണ്ട്. ചെങ്ങോടുമലയിലെ പാറപൊട്ടിച്ചാൽ നരയംകുളം, മൂലാട് പ്രദേശങ്ങളിലെ 500 കുടുംബങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിെൻറ പിടിയിലമരുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ചെങ്ങോടുമല. വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യങ്ങൾ ഇവിടെയുണ്ട്. നിരവധി ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മല. ക്രഷർ തുടങ്ങിയാൽ പൊടിപടലങ്ങൾ ഒരു നാടിനെ മുഴുവൻ വിഴുങ്ങുന്ന അവസ്ഥവരും. പ്രദേശവാസികൾ ശ്വാസകോശ രോഗങ്ങളുടെ പിടിയിലമരുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് തരുന്നു. ക്വാറി -ക്രഷർ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കോട്ടൂർ ഗ്രാമപഞ്ചായത്ത് ഒാഫിസിലേക്ക് 27ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും മലയെ നശിപ്പിക്കാനുള്ള നീക്കം നടത്തിയാൽ പ്രക്ഷോഭം തുടങ്ങുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ക്രഷർ - ക്വാറി തുടങ്ങാനുള്ള നീക്കം തടയാൻ കോൺഗ്രസ് മേഖല കമ്മിറ്റി തീരുമാനിച്ചു. ടി.പി. ബാലറാം അധ്യക്ഷത വഹിച്ചു. ഇല്ലത്ത് വേണുഗോപാൽ, കെ. ഇബ്രാഹിം കുട്ടി, ടി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.