കാരശ്ശേരിയിലെ കാരണവന്മാര്‍ താജ്മഹല്‍ കാണാൻ പോകുന്നു

കാരശ്ശേരിയിലെ കാരണവന്മാര്‍ താജ്മഹല്‍ കാണാൻ പോകുന്നു കോഴിക്കോട്: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ താജ്മഹല്‍ കാണാന്‍ യാത്രയാവുന്നു. കാരശ്ശേരിയിലെ 65 മുതല്‍ 80 വയസ്സു വരെയുള്ള 80 പേരാണ് യമുന നദിക്കരയിൽ താജ്മഹല്‍ കാണാന്‍ യാത്ര തിരിക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നതാണ് പരിപാടി. ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടവരെ സ്നേഹത്തണലിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്തിലെ ആദിവാസി കോളനികളിലെ അന്തേവാസികളും ആദിവാസി മൂപ്പനും യാത്രയിലുണ്ട്. ഇൗമാസം 11 മുതൽ 18 വരെയാണ് യാത്ര. താജ്മഹലിനൊപ്പം ചെങ്കോട്ട, ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവയും സന്ദര്‍ശിക്കും. കേരളത്തിന് പുറത്ത് യാത്ര പോകാത്തവരാണ് താജ്മഹല്‍ യാത്രയില്‍ പങ്കാളികളാവുന്നത്. യാത്രക്കാരില്‍ പകുതിയും സ്ത്രീകളാണ്. ഡോക്ടര്‍മാർ, നഴ്‌സുമാര്‍, വളൻറിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന 20 അംഗ സംഘം അനുഗമിക്കും. രാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ എന്നിവരെ കാണാനും ശ്രമിക്കും. സൗജന്യയാത്രയൊരുക്കാൻ പഞ്ചായത്ത് ഭരണസമിതിക്കും ചെലവില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം സ്വരൂപിച്ചാണ് യാത്ര. ഏബിള്‍ ഗ്രൂപ് ചെയര്‍മാൻ സിദ്ദീഖ് പുറായില്‍ ആണ് സ്‌പോണ്‍സർ. കാരശ്ശേരി പഞ്ചായത്ത് നടപ്പാക്കിയ ഹൃദയസ്പര്‍ശം, ഇരുളകലുന്ന കാരശ്ശേരി തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം സഹായം ലഭിച്ചിരുന്നുവെന്ന് പ്രസിഡൻറ് പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വൈസ് പ്രസിഡൻറ് വി.പി. ജമീല, സ്ഥിരംസമിതി ചെയര്‍മാന്മാരായ സജി തോമസ്, അബ്ദുല്ല കുമരനല്ലൂര്‍ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.