കൊടുവള്ളി: കള്ളനോട്ട് വിതരണ സംഘത്തിലെ പ്രധാനി 55,000 രൂപയുടെ വ്യാജനോട്ടുകളുമായി പിടിയില്‍. പൂനൂര്‍ പെരിങ്ങളംവയല്‍ പറയരുകണ്ടി ഭാഗത്ത് താമസിക്കുന്ന സാബു (46) വാണ് പിടിയിലായത്. കഴിഞ്ഞ ദിവസം എളേറ്റില്‍ വട്ടോളിയിലെ പെട്രോള്‍ പമ്പിലെത്തിയ സാബു 500 രൂപ നല്‍കി അമ്പത് രൂപക്ക് പെട്രോള്‍ അടിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെട്രോളടിച്ച ഇയാള്‍ 500 രൂപയുടെ വ്യാജനോട്ട് നല്‍കി സ്ഥലം വിട്ടിരുന്നു. കള്ളനോട്ടാണെന്ന് മനസ്സിലാക്കി ഇയാളെ തിരിച്ചറിഞ്ഞ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതില്‍ ഇ എന്ന അക്ഷരത്തിന് പകരം യു എന്നാണ് കള്ളനോട്ടില്‍ അച്ചടിച്ചത്. ഗാന്ധിതലയുടെ പ്രിൻറിങ്ങിലും അപാകതയുണ്ട്. ബാലുശ്ശേരിയിലെ ജ്വല്ലറിയില്‍ ഒരു പവന്‍ സ്വര്‍ണം വില്‍പന നടത്തിയ വകയില്‍ പതിനെട്ടായിരം രൂപ ലഭിച്ചുവെന്നും അതില്‍ നിന്നുള്ള നോട്ടാണെന്നുമായിരുന്നു ഇയാളുടെ മറുപടി. പിടിയിലാവുമെന്ന് കണ്ടപ്പോള്‍ യഥാര്‍ഥ നോട്ട് നല്‍കി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. കൊടുവള്ളി പൊലീസ് ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ചു വെച്ച കൂടുതല്‍ നോട്ടുകള്‍ കണ്ടെടുത്തു. അഞ്ഞൂറിെൻറ അറുപതിനായിരത്തോളം രൂപയുടെ വ്യാജ നോട്ടുകളാണ് ഇയാളില്‍നിന്നു ലഭിച്ചത്. ആശാരി പണിക്കാരനായ സാബു സിനിമകൾക്ക് സെറ്റുകൾ ഒരുക്കുന്ന ജോലിയുമുണ്ട്. ഈ ജോലിക്കിടെ എറണാകുളത്തുനിന്നാണ് ഇയാള്‍ക്ക് കള്ളനോട്ടുകള്‍ ലഭിച്ചതെന്നാണ് സൂചന. കൊടുവള്ളി പൊലീസ് നടത്തിയ പരിശോധനയില്‍ സാബുവിെൻറ പൂനൂരിലെ തബല പരിശീലന സ്ഥാപനത്തില്‍ നിന്ന് 5000 രൂപയുടേയും വീട്ടില്‍ നിന്ന് 50,000 രൂപയുടേയും കള്ളനോട്ടുകള്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയിൽനിന്ന് ലഭിച്ച ഒരു ലക്ഷം രൂപ മാറ്റി കിട്ടിയ മൂന്നുലക്ഷം രൂപയിൽനിന്ന് രണ്ടു ലക്ഷം മടക്കി നല്‍കുകയും ഒരു ലക്ഷം സാബു എടുക്കുകയും ചെയ്തുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇയാളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാബുവിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.