മോദി പയറ്റുന്നത് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം-ആര്യാടൻ ഷൗക്കത്ത് മോദി പയറ്റുന്നത് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം -ആര്യാടൻ ഷൗക്കത്ത് കൽപറ്റ: ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ കുടില തന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പയറ്റുന്നതെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധമെന്ന മുദ്രാവാക്യവുമായി പ്രയാണമാരംഭിച്ച കലാജാഥക്ക് കൽപറ്റയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. ജനങ്ങളെ ജാതിയും മതങ്ങളുമായി പരസ്പരം ഭിന്നിപ്പിച്ച് കലഹങ്ങളും കലാപങ്ങളുമുണ്ടാക്കിയാണ് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിപ്പിച്ചത്. ഫാഷിസത്തിനെതിരെ ജനങ്ങളുടെ കൂട്ടായ്മ തകർക്കാൻ ഇതേ രീതിയാണ് മോദിയും അവലംബിക്കുന്നത്. കലാപത്തിെൻറ മുറിവുണക്കി ജനങ്ങളെ ഒരുമിപ്പിക്കാനാണ് ഇന്ത്യ ഭരിച്ച മതേതര സർക്കാറുകൾ ശ്രമിച്ചത്. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഫാഷിസത്തിനെതിരെ രാഷ്ട്രീയം മറന്ന് കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ഷൗക്കത്ത് പറഞ്ഞു. സി. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി സംസ്ഥാന ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ, സെക്രട്ടറി പ്രദീപ് പയ്യന്നൂർ, നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി, പി.കെ. അനിൽകുമാർ, ടി.ജെ. ഐസക്, സി. ജയപ്രസാദ്, രമ്യ ഹരിദാസ്, ജില്ല ചെയർമാൻ സുരേഷ്ബാബു വാളൽ, ജിനേഷ്, ഒ.ജെ. മാത്യു, കെ.കെ. രാജേന്ദ്രൻ, സാലി റാട്ടക്കൊല്ലി, ഉമർ, സുന്ദർരാജ് എടപ്പെട്ടി, കബീർ മാസ്റ്റർ, സുനിൽ എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരി സ്വതന്ത്രമൈതാനിയിൽ നൽകിയ സ്വീകരണത്തിൽ കെ.കെ. അബ്രഹാം ആധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ്, പി.പി അയൂബ്, എൻ.എം. വിജയൻ, ബാബു, പി.വി. ബാലചന്ദ്രൻ സംസാരിച്ചു. മാനന്തവാടി ഗാന്ധിപാർക്കിൽ നടന്ന സ്വീകരണത്തിൽ അഡ്വ. എം.കെ. വർഗീസ് ആധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി ജില്ല ചെയർമാൻ സുരേഷ് ബാബു, പടയൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. കലാജാഥയുടെ ഭാഗമായി ഫാഷിസത്തിനെതിരെ ഒരുമയുടെ സന്ദേശവുമായി തെരുവുനാടകവും നാടൻപാട്ടുകളും അവതരിപ്പിച്ചു. ജില്ലയിലെ പര്യടനത്തിനു ശേഷം കലാജാഥ ഞായറാഴ്ച കോഴിക്കോട്ടേക്കു കടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കമായാണ് കലാജാഥയുടെ പ്രയാണം. SATWDL25 സംസ്കാര സാഹിതി സംസ്ഥാന കലാജാഥക്ക് കൽപറ്റയിൽ നൽകിയ സ്വീകരണയോഗം ജാഥ ക്യാപ്റ്റൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.