മലയാളസർവകലാശാല വി.സി പദവിക്കുവേണ്ടി പലരും പരക്കംപായുന്നു -ടി. പത്മനാഭൻ കോഴിക്കോട്: മലയാളസർവകലാശാലയിൽ നിന്ന് കാലാവധി തികച്ച് പടിയിറങ്ങിയ കെ. ജയകുമാറിനുശേഷം വി.സി പദവിക്കുവേണ്ടി പല ഭാഗ്യാന്വേഷികളും പരക്കംപായുകയാണെന്ന് ടി. പത്മനാഭൻ പറഞ്ഞു. സർക്കാർ ശുഷ്കാന്തിയോടെ വി.സി നിയമനം നടത്തിയില്ലെങ്കിൽ സർവകലാശാല അഞ്ചുവർഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങളെല്ലാം വെള്ളത്തിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിെൻറ േനതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷം ജില്ലതല ഉദ്ഘാടനം മീഞ്ചന്ത ആർട്സ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയമം കൊണ്ടുമാത്രം മലയാളഭാഷാസ്നേഹം നടപ്പാക്കാൻ കഴിയില്ല. താഴെതലത്തിലുള്ള അധ്യാപകർ മുതൽ പ്രഫഷനൽ അധ്യാപകർക്കുവരെ ഇക്കാര്യത്തിൽ വളരെയധികം ചെയ്യാൻ കഴിയും. മലയാളം പറയുന്ന വിദ്യാർഥികളെ അതിക്രൂരമായി ശിക്ഷിക്കുന്ന നടപടി കേരളത്തിലെ ചില സ്കൂളുകളിലുണ്ട്. ഇത്തരം വിദ്യാലയങ്ങളിലെ അധികൃതർക്ക് കഠിനശിക്ഷ നൽകണം. ഈ പീഡനങ്ങൾ അവസാനിക്കാൻ മന്ത്രിയോ ചില ഐ.എ.എസ് ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാൽ പോരാ, എല്ലാ ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങണം. മലയാളം ഔദ്യോഗികഭാഷയാക്കുന്നതിലുള്ള വിഷമമായി പറയുന്നത് ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കാൻ കഴിയില്ലെന്നതാണ്. ജർമനിയിലും റഷ്യയിലുമൊന്നും ഇംഗ്ലീഷിലല്ല, അവരുടെ ഭാഷയിലാണ് സയൻസ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷിലൂടെയേ ശാസ്ത്രം പഠിപ്പിക്കാനാവൂ എന്നത് മുരട്ടുവാദമാണ്. ഇംഗ്ലീഷ് പഠിക്കുന്നത് ഒരു തെറ്റല്ലെന്നുമാത്രമല്ല, അത് പഠിക്കുകതന്നെ വേണം. എന്നാൽ, മാതൃഭാഷയെ പുച്ഛിച്ചുകൊണ്ടായിരിക്കരുത്. ഭാഷയോടുള്ള സ്നേഹം ഭാഷാഭ്രാന്താവരുതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തിയുടെ ഭാഗമായി ഐ ആൻഡ് പി.ആർ.ഡി നടത്തിയ ക്വിസ്, പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാനം ടി. പത്മനാഭൻ വിതരണം ചെയ്തു. ജില്ലകലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, കോളജ് പ്രിൻസിപ്പൽ പി.എ. ശിവരാമകൃഷ്ണൻ, മലയാളം വകുപ്പ് മേധാവി എം. സത്യൻ, യു.യു.സി വിശ്രുത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.