വാണിമേലിൽ യൂത്ത് ലീഗിൽ കൂട്ടരാജി, മാമ്പിലാക്കൽ ശാഖകമ്മിറ്റി പിരിച്ചുവിട്ടു

വാണിമേൽ: യൂത്ത് ലീഗിൽ ഏറെക്കാലമായി പുകയുന്ന അസ്വാരസ്യത്തിനൊടുവിൽ വാണിമേലിൽ യൂത്ത് ലീഗിൽ കൂട്ടരാജി. മാമ്പിലാക്കൽ ശാഖ കമ്മിറ്റി പിരിച്ചുവിട്ട് ഭാരവാഹികൾ ഉൾപ്പെടെ 22ഓളം പേർ നേതൃത്വത്തിന് രാജിക്കത്ത് നൽകി. മാമ്പിലാക്കൽ ശാഖ പ്രസിഡൻറ് ആഷിക് കുനിയിൽ, സെക്രട്ടറി മുനീർ ഉൾപ്പെടെയുള്ളവരാണ് കൂട്ടമായി രാജിവെച്ചത്. പഞ്ചായത്ത് ലീഗ് നേതൃത്വത്തി​െൻറ നിലപാടുകളിൽ അവിശ്വാസം പ്രകടിപ്പിച്ചാണ് പ്രവർത്തകർ രാജിവെച്ചത്. ഭൂമിവാതുക്കൽ- പാക്വോയി റോഡ് വികസനത്തിലെ ഇരട്ടത്താപ്പ്, ശാഖകമ്മിറ്റിയുടെ പ്രതിഷേധപരിപാടികളെ അട്ടിമറിക്കൽ തുടങ്ങി ലീഗ് നേതൃത്വത്തി​െൻറ ഉപജാപകരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണെത്ര രാജി. പഞ്ചായത്തിൽ ചില യൂത്ത് ലീഗ് ശാഖകമ്മിറ്റികൾ ലീഗ് പ്രാദേശികനേതാക്കളുമായി മാസങ്ങളായി കൊമ്പുകോർക്കാൻ തുടങ്ങിയിട്ട്. യൂത്ത് ലീഗ് കമ്മിറ്റികളുടെ തെറ്റായ നിലപാടുകൾക്കെതിരെ മേൽകമ്മിറ്റി കടിഞ്ഞാണിട്ടതാണ് നിലവിലെ പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് സൂചനയുണ്ട്. യൂത്ത് ലീഗ് കമ്മിറ്റി പിരിച്ചുവിട്ട് പ്രവർത്തകർ രാജിവെച്ച സംഭവം നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.