കോഴിക്കോട്: ചുറ്റുമതിൽ സ്നേഹമതിലാകുമ്പോൾ താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിെൻറ മുഖം മാറും. ജില്ലയുടെ മലയോര മേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂൾ നാട്ടുകാരുടെ സഹകരണത്തോടെയാണ് അടിമുടി മാറ്റത്തിനൊരുങ്ങുന്നത്. 10കോടി ചെലവിൽ മൂന്നുവർഷം കൊണ്ട് സ്കൂളിനെ മാറ്റുന്ന (ഇൻസ്പെയർ-2020) പദ്ധതിക്ക് പി.ടി.എ കമ്മറ്റി രൂപംനൽകിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് കോടി സർക്കാറും ഒന്നരക്കോടി ജില്ലപഞ്ചായത്തും നൽകിയ ശേഷം ബാക്കിവരുന്ന തുക സ്നേഹ മതിലിലൂടെ സമാഹരിക്കാനാണ് ലക്ഷ്യം. 900 മീറ്റർ നീളമുള്ള ചുറ്റുമതിലിൽ നിന്നാണ് പദ്ധതി ചെലവ് സമാഹരിക്കുക. ഒരു മീറ്റർ മതിൽ നിർമിക്കാൻ 10,000 രൂപ ചെലവ് വരും. ഈ രീതിയിൽ 900മീറ്റർ നീളത്തിലാണ് ചുറ്റുമതിലുണ്ടാവുക. ഒരുമീറ്റർ മതിൽ സഹായഹസ്തവുമായി വരുന്ന ആൾക്ക് 30,000രൂപക്ക് നൽകും. ചെലവുകഴിച്ച് 20,000 ഫണ്ടിലേക്ക് വരും. ഒരാൾ സ്വന്തമാക്കുന്ന മതിലിൽ അയാൾക്ക് അദ്ദേഹത്തിെൻറ ഓർമകൾ കോറിയിടാം. പൂർവവിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവരെയാണ് പദ്ധതിയിലേക്ക് പ്രധാനമായും പ്രതീക്ഷിക്കുന്നത്. പ്രശസ്ത ആർകിടെക്‌ട് ടോണി ജോസഫാണ് രൂപരേഖ തയാറാക്കിയത്. 10 ഏക്കർ സ്ഥലം സ്വന്തമായുള്ള സ്കൂളിനെ അടിമുടി പരിസ്ഥിതിസൗഹൃദമാക്കി പൊളിച്ചുപണിയുകയാണ് ലക്ഷ്യം. മനോഹരമായ കെട്ടിടങ്ങൾ, ക്ലാസ്മുറികൾ, മികച്ച ഗ്രൗണ്ടുകൾ, ഏറ്റവും ശ്രദ്ധേയമായ ലൈബ്രറി, വ്യക്തിത്വപരിശീലനങ്ങൾക്കുള്ള സ്ഥിരം സംവിധാനങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ വർഷം തന്നെ നിർമാണം തുടങ്ങി മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കുന്നരീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുക. വാർത്തസമ്മേളനത്തിൽ ജില്ലപഞ്ചായത്ത് അംഗം നജീബ് കാന്തപുരം, ആർകിടെക്ട് ടോണി ജോസഫ്, എം. സുൽഫിക്കർ, എ.പി. മുസ്തഫ, എം. സന്തോഷ്കുമാർ, സുഗതകുമാരി, അബ്ദുൽ മജീദ്, കെ.ആർ. രാജൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.