ചുരത്തിൽ പാർക്കിങ് നിയന്ത്രണം: ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വൈത്തിരി പഞ്ചായത്ത്

ചുരത്തിൽ പാർക്കിങ് നിയന്ത്രണം: ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വൈത്തിരി പഞ്ചായത്ത് വൈത്തിരി: വയനാട് ചുരത്തിലെ പാർക്കിങ് നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് വൈത്തിരി പഞ്ചായത്ത് അധികൃതർ പറഞ്ഞു. വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതി​െൻറ ഭാഗമായി പാർക്കിങ് നിരോധനം ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. കോഴിക്കോട് ജില്ലകലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടിയന്തരപ്രാധാന്യമുള്ള വാഹനങ്ങളൊഴികെ മറ്റൊരു വാഹനവും ചുരത്തിൽ നിർത്താൻ അനുവദിക്കില്ല. ഇതോടനുബന്ധിച്ച് ചുരത്തിൽ എല്ലായിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതാണെന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. നന്ദകുമാർ പറഞ്ഞു. അതോടൊപ്പം സി.സി.ടി.വി കാമറകളും സ്ഥാപിക്കും. ചുരത്തിലെ പരസ്യ ബോർഡുകൾ കാലാവധി കഴിയുന്നതിനനുസരിച്ച് നീക്കം ചെയ്യും. ചുരത്തിൽ ആറിടങ്ങളിലായി വാച്ച് ആൻഡ് വാർഡ് ജീവനക്കാരെ നിയമിക്കും. മൂന്നുപേർ ഡി.ടി.പി.സി വഴിയും മൂന്നുപേർ പഞ്ചായത്തു വഴിയുമായിരിക്കും നിയമിക്കപ്പെടുക. വ്യൂ പോയൻറിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് ലക്കിടിയിൽ പാർക്കിങ് ഒരുക്കുമെന്നാണ് തീരുമാനം. ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലമാണ് പേ ആൻഡ് പാർക്ക് സംവിധാനത്തോടെ ഒരുക്കുന്നത്. ലക്കിടിയിൽ പിഡബ്ല്യു.ഡിയുടെ സ്ഥലം ബസ് സ്റ്റോപ്പിനോട് ചേർന്ന് കിടക്കുന്നുണ്ടെങ്കിലും നിയമക്കുരുക്കിലായതിനാൽ അതുപയോഗപ്പെടുത്താനാകില്ല. ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച ചുരത്തിൽ ഒന്നാംവളവു മുതൽ ശുചീകരണപരിപാടി നടക്കും. ജനപ്രതിനിധികളും ചുരം സംരക്ഷണസമിതി പ്രവർത്തകരും വിവിധ വകുപ്പ് ജീവനക്കാർക്കും പുറമെ എൻ.എസ്.എസ്, സ്കൗട്ട്, സന്നദ്ധ സംഘടനകൾ എന്നിവരും ശുചീകരണപരിപാടിയിൽ പങ്കാളികളാകും. അതേസമയം, പാർക്കിങ്ങുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്ന് വൈത്തിരി പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്തുമായി ഇതുവരെ ബന്ധപ്പെടാത്തതിനാൽതന്നെ വ്യൂപോയൻറിലെ പാർക്കിങ് നിരോധിച്ച് ലക്കിടിയിൽ നിർത്താനുള്ള തീരുമാനം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിവരും. TUEWDL20 ചുരം വ്യൂപോയൻറിൽ ചൊവ്വാഴ്ച വൈകീട്ട് കാഴ്ചകൾ കാണാനെത്തിയവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.