തിരുവള്ളൂർ: മുസ്ലീം ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി നേതൃയോഗം നടക്കുന്ന സ്ഥലത്തേക്ക് എത്തിയ യുവാക്കൾ മിനിറ്റ്സ് തട്ടിപ്പറിക്കാൻ ശ്രമിച്ചത് പാർട്ടിക്കുള്ളിൽ ചൂടുള്ള ചർച്ചക്ക് കാരണമായി. തിരുവള്ളൂർ ടൗണിനടുത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിൽ നടന്ന യോഗമാണ് ഒരു സംഘം ആളുകൾ എത്തി അലങ്കോലപ്പെടുത്താനും മിനിറ്റ്സ് തട്ടിപ്പറിക്കാനും ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുറ്റ്യാടിമണ്ഡലം കമ്മിറ്റിയിലേക്ക് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല പരാജയപ്പെട്ടത് ലീഗിൽ വിവാദത്തിന് കാരണമായിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ തോതിലുള്ള പ്രചാരണം നടന്നുവരുന്നതിനിടയിലാണ് ഇന്നലത്തെ സംഭവം. ഇതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദം ലീഗിൽ കൂടുതൽ പ്രതിസന്ധിക്ക് കാരണമായി. ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് നിലവിലെ സെക്രട്ടറി പി.എം. അബൂബക്കർ മാസ്റ്ററും നൊച്ചാട്ട് കുഞ്ഞബ്ദുല്ലയും തമ്മിലായിരുന്നു മത്സരം നടന്നത്. എട്ടു പഞ്ചായത്ത് കമ്മിറ്റികളിൽ ഭൂരിപക്ഷവും അബൂബക്കർ മാസ്റ്ററോടൊപ്പം നിന്നതോടെ നൊച്ചാട്ട് കുഞ്ഞബ്ദുല്ല പരാജയപ്പെടുകയായിരുന്നു. ഇതോടെ കുഞ്ഞബ്ദുല്ല മണ്ഡലം കമ്മിറ്റി അംഗമായി ചുരുങ്ങി. ചിലരുടെ പിന്തുണയോടെ മനഃപൂർവം നൊച്ചാട്ട് കുഞ്ഞബ്ദുല്ലയെ തോൽപിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. യൂത്ത് ലീഗിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. എന്നാൽ ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിലുണ്ടായ ജയപരാജയങ്ങൾ സ്വാഭാവികമാണെന്ന നിലപാടാണ് മറു വിഭാഗത്തിനുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നൊച്ചാട്ട് കുഞ്ഞബ്ദുല്ലക്കായി വാട്സ് ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരണങ്ങളാണ് നടക്കുന്നത്. പാർട്ടിക്കുള്ളിലും ഇത് തന്നെയാണ് ചർച്ച. കുഞ്ഞബ്ദുല്ലയുമായി ചേർന്ന് നിൽക്കുന്നവരാണ് ഇതിന് പിന്നിലെന്ന് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വം ഗൗരവമായി നിരീക്ഷിക്കുകയാണ്. കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി കുറ്റ്യാടി: ഗവ.ആശുപത്രിയിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി. ചപ്പാത്തി മെഷീനിൽ കുടുങ്ങി ചൂണ്ടുവിരലിെൻറ അറ്റം മുറിഞ്ഞുപോയ മൊകേരിയിലെ മുപ്പതുകാരനാണ് എല്ലുരോഗവിദഗ്ധൻ ഡോ. ജ്യോതിപ്രശാന്തിെൻറ നേതൃത്വത്തിൽ വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. കൈയുടെ തള്ളവിരലിൽ നിന്നുതന്നെയുള്ള മാംസമാണ് വിരലിൽ ഒട്ടിച്ചത്. ആശുപത്രിയിൽ മയക്കുവിദഗ്ധനെ നിയമിച്ചതോടെ ശസ്ത്രക്രിയകൾ എളുപ്പമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.