കോഴിക്കോട്: ജില്ലയിലെ പുഴകളിലെ കൈയേറ്റങ്ങൾ സർവേ നടത്തി കണ്ടെത്തി ഒഴിപ്പിക്കണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. പുഴകളെക്കുറിച്ച് വിശദപഠനം നടത്തി സംരക്ഷണത്തിന് പദ്ധതികൾ തയാറാക്കണം. മഴക്കാലത്ത് റോഡുകൾ തകർച്ച നേരിടുന്നതിനാൽ അറ്റകുറ്റപ്പണി നടത്തണമെന്നും സ്കൂളുകൾക്ക് സമീപത്തെ കഞ്ചാവ്, മയക്കുമരുന്ന് വിൽപന സംബന്ധിച്ച് എക്സൈസ് വകുപ്പ് കർശന പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. കാട്ടുപന്നികളുടെ ആക്രമണഭീഷണി ചെറുക്കുന്നതിന് വൈദ്യുതി വേലികൾ സ്ഥാപിക്കാനും നടപടി വേണം. പോളിടെക്നിക്കിന് സ്ഥലം ലഭ്യമാക്കാൻ മംഗലശ്ശേരി തോട്ടത്തിലെ വനഭൂമിക്ക് പകരം നൽകേണ്ട റവന്യൂ ഭൂമി കണ്ടെത്താൻ ത്വരിത നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ ഒ.പി ടിക്കറ്റുകൾ നൽകുന്നതിന് ജീവനക്കാരുടെ ക്ഷാമമുണ്ടെങ്കിൽ ആശ വർക്കർമാരുടെ സേവനം ഉപയോഗപ്പെടുത്താൻ യോഗം തീരുമാനിച്ചു. കുറ്റ്യാടി കനാലിെൻറ അറ്റകുറ്റപ്പണിക്കായി സമഗ്ര പ്രോജക്ട് തയാറാക്കി വകുപ്പു മന്ത്രിക്ക് സമർപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ സംയുക്ത സ്ക്വാഡുകൾ സന്ദർശിക്കുമെന്നും മാനദണ്ഡങ്ങൾ പാലിക്കാത്തവ അടച്ചുപൂട്ടുമെന്നും ജില്ല കലക്ടർ അറിയിച്ചു. ജൂൺ ഒന്നു മുതൽ നടപടി തുടങ്ങും. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ. നാണു, എ.കെ. ശശീന്ദ്രൻ, കെ. ദാസൻ, ജോർജ് എം. തോമസ്, പുരുഷൻ കടലുണ്ടി, വി.കെ.സി മമ്മദ് കോയ, ഇ.കെ. വിജയൻ, പി.ടി.എ. റഹീം, കാരാട്ട് റസാഖ്, ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.