വഴിക്കണ്ണുമായി അച്ചുവിനെ‍‍ കാത്ത് ഒരു നാട്

വഴിക്കണ്ണുമായി അച്ചുവിനെ‍‍ കാത്ത് ഒരു നാട് (A) കാണാതായ സുഖോയ് പോർവിമാനത്തി​െൻറ പൈലറ്റാണ് പോങ്ങുംമൂട് സ്വദേശി അച്ചുദേവ് തിരുവനന്തപുരം: 'ആ വാര്‍ത്ത വിശ്വസിക്കാനാവാതെ ഒരു നാടും നാട്ടുകാരും പ്രാർഥനയോടെ അച്ചുവി‍​െൻറ വരവും കാത്തിരിക്കുകയാണ്. ഞങ്ങളുടെ അച്ചു ഒരിടത്തും പോവില്ല. രാജ്യം അവനും സുഹൃത്തിനും വേണ്ടി മനസ്സുരുകി പ്രാർഥിക്കുമ്പോൾ, എല്ലാ പ്രതിസന്ധികളും മറികടന്ന് അവൻ തിരിച്ചുവരും'. പോങ്ങുംമൂട് ഗൗരിനഗർ െറസിഡൻറ്സ് അസോസിയേഷനിലെ ഒരോരുത്തരുടെ വാക്കുകളിലും ശുഭപ്രതീക്ഷയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അസമിൽ തെസ്പൂരിലെ സലോനിബാരി വ്യോമസേനാ താവളത്തിൽനിന്ന് അച്ചുദേവ് (25) പറത്തിയ സുഖോയ് പോർവിമാനം അരുണാചലിലെ ബിസ്വാന്ത് ജില്ലയിൽ തകർന്നുവീണത്. ജില്ലയിലെ ഗോഹ്പൂർ സബ്ഡിവിഷനിലെ ദുബിയക്കുമേൽ പറക്കുമ്പോൾ ചൊവ്വാഴ്ച രാവിലെ 11.10ന് വിമാനവുമായുള്ള ബന്ധം നഷ്ടമായതായി വ്യോമസേനാ അധികൃതർ പറയുന്നു. പക്ഷേ തകർന്ന വിമാനത്തിൽനിന്ന് അച്ചുവിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും വ്യോമസേനക്ക് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. വിമാനം തകരുമെന്ന് മുൻകൂട്ടി കണ്ടറിഞ്ഞ് ഇവർ പാരച്യൂട്ട് വഴി രക്ഷപ്പെട്ടിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. പാരച്യൂട്ടുകളിൽ രക്ഷപ്പെടുന്നതിനിെട കാട്ടിൽ കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തിൽ മേഘാലയയിലും വ്യോമസേന തിരച്ചിൽ നടത്തുന്നുണ്ട്. വി.എസ്.എസ്.സി എൻജിനീയറായിരുന്ന സഹദേവ​െൻറയും ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക്സ് സ​െൻറർ ജീവനക്കാരിയായിരുന്ന ജയശ്രീയുടെയും മകനായ അച്ചുദേവ് വ്യോമസേനയിലെ കമീഷൻഡ് ഓഫിസറാണ്. അച്ചുവിനെ കണ്ടെത്താൻ കഴിയാത്തതോടെ ബുധനാഴ്ച ദക്ഷിണ വ്യോമസേന താവളത്തിലെ ഉദ്യോഗസ്ഥരെത്തി മാതാപിതാക്കളെ ഗുവാഹതിയിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇവർ മടങ്ങിവരുമ്പോൾ ഒപ്പം അച്ചുവും ഉണ്ടാമെന്ന ഉറപ്പാണ് ഗൗരി നഗർ െറസിഡൻറ്സ് അസോസിയേഷനിലെ ഒരോരുത്തർക്കും. മുറിമലയാളവുമായ സ്നേഹത്തോടെ ഓടി എത്തുന്ന ആ മുഖത്തെ അത്ര പെെട്ടന്ന് മറന്നുകളയാനുള്ള കരുത്ത് ഇവിടെ ആർക്കുമില്ല. ചെറുപ്പം മുതൽ സൈനിക സേവനവും യുദ്ധവിമാനവും സ്വപ്നമായി കൊണ്ടുനടന്ന അച്ചുദേവിന് തിരുവനന്തപുരം ലയോള സ്കൂളിലെ പഠന കാലത്താണ് ഡറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ (ആർ.ഐ.എം.സി) പ്രവേശനം ലഭിക്കുന്നത്. തുടർന്ന് നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്ന് ബിരുദം നേടിയശേഷം വ്യോമസേനയിൽ ചേർന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അച്ചുവി‍​െൻറ 25ാം പിറന്നാൾ, അസമിലെ വ്യോമസേനാ താവളത്തിലെ പിറന്നാൾ ആഘോഷത്തി‍​െൻറ ചിത്രങ്ങൾ അച്ചു മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അവസാനം നാട്ടിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.