സംസ്​ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി

സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി (A) ഫറോക്ക്: സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജിയുടെ സാന്നിധ്യത്തിൽ ലീഗ് പ്രവർത്തകർ ഗ്രൂപ് തിരിഞ്ഞ് ഏറ്റുമുട്ടിയതിൽ ഒട്ടേറെ ലീഗ് പ്രവർത്തകർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ചെറുവണ്ണൂർ –നല്ലളം മേഖല മുസ്ലിം ലീഗ് കൗൺസിൽ യോഗത്തിലാണ് പ്രവർത്തകർ തമ്മിൽതല്ലിയത്. ആറാം വാർഡ് ലീഗ് വൈസ് പ്രസിഡൻറ് പി. മുഹമ്മദ് കോയയടക്കമുള്ളവർക്കാണ് പരിക്ക്. മേഖല ആറാം വാർഡിൽ കമ്മിറ്റി അറിയാതെ ലീഗ് കൗൺസിൽ അംഗങ്ങളെ തിരുകിക്കയറ്റിയത് ഒരു വിഭാഗം ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും തുടർന്ന് സംഘട്ടനത്തിലും കലാശിച്ചത്. കസേര കൊണ്ടുള്ള അടിയേറ്റാണ് മുഹമ്മദ് കോയക്ക് പരിക്കേറ്റത്. കൗൺസിൽ യോഗത്തിലെ റിട്ടേണിങ് ഓഫിസർമാരായ നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. ആലിക്കുട്ടി, എ. മൂസക്കോയ ഹാജി, കെ. അബ്ദുൽ മജീദ് എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു നടപടികൾ ആരംഭിക്കുന്നതിനിടെ ഇവരെ മറികടന്ന് മേഖല കൗൺസിൽ അംഗമായ സംസ്ഥാന ലീഗ് സെക്രട്ടറി തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതെന്നും കമ്മിറ്റിയുടെ അംഗീകാരമില്ലാതെ പുതിയ ആളുകളെ കൗൺസിൽ അംഗമാക്കിയ പ്രവണ തെറ്റാണെന്നും ലീഗ് പ്രവർത്തകർ പറഞ്ഞു. മാത്രമല്ല ലീഗിൽ അംഗങ്ങളായി ചേർത്തവരുടെ വിവരങ്ങൾ ഓൺലൈൻ വഴി സംസ്ഥാന കമ്മിറ്റിക്ക് നൽകണമെന്നാണ് ചട്ടമെങ്കിലും നല്ലളത്ത് ഇത് പ്രാവർത്തികമാക്കിയില്ലെന്നും ലീഗ് പ്രവർത്തകർ പറഞ്ഞു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതാണ് തർക്കങ്ങൾക്ക് കാരണമാകുന്നതെന്നും പ്രവർത്തകരുടെ വികാരങ്ങൾ മാനിക്കാൻ നേതൃത്വം തയാറാകണമെന്നും പ്രവർത്തകർ വ്യക്തമാക്കി. സംഘർഷം അതിരുവിട്ടതോടെ മേഖല ഭാരവാഹികളെ തെരെഞ്ഞെടുക്കാതെ യോഗം നിർത്തിവെക്കുകയായിരുന്നു. ചെറുവണ്ണൂർ–നല്ലളം മേഖലയിലും ബേപ്പൂർ മേഖലയിലും ഗ്രൂപ് തർക്കങ്ങൾ കാരണം പുതിയ കമ്മിറ്റികൾ വരാത്തത് റമദാൻ റിലീഫിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലീഗ് പ്രവർത്തകർ. മേഖല കൺവെൻഷനിൽ എം. കുഞ്ഞാമുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. ആലിക്കുട്ടി, എ. മൂസക്കോയ ഹാജി എന്നിവർ സംസാരിച്ചു. റിയാസ് അരീക്കാട് സ്വാഗതം പറഞ്ഞു. പടം : faro8 ചെറുവണ്ണൂർ–നല്ലളം മേഖല ലീഗ് കൗൺസിൽ യോഗത്തിൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ തലക്കും മുതുകിനും പരിക്കേറ്റ മുഹമ്മദ് കോയയെ ഹാളിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.