മലിനീകരണം: ചെരുപ്പ് കമ്പനിക്കെതിരെ പ്രതിഷേധം

ബേപ്പൂർ: നടുവട്ടം പുഞ്ചപ്പാടം ജനവാസ കേന്ദ്രത്തിൽ ഷൂ മേക്ക് ചെരുപ്പ് കമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ചെരുപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും അസംസ്കൃത വസ്തുക്കളും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായാണ് നാട്ടുകാരുടെ പരാതി. രാസമാലിന്യം കലർന്ന മലിനജലം ഭൂമിയിലേക്ക് ഇറങ്ങി കുടിവെള്ളത്തിൽ കലരുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രദേശവാസികൾ പറയുന്നു. നിർമാണ സമയത്ത് ഫാക്ടറിയിൽനിന്ന് ഉയരുന്ന രാസവസ്തു അടങ്ങിയ പുക കാരണം സമീപത്തെ കുട്ടികൾക്കും പ്രായമായവർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇരുനൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനിയിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ല. ഭക്ഷ്യ മാലിന്യങ്ങൾ പുറന്തള്ളി ദുർഗന്ധം വമിക്കുന്നുണ്ട്. തൊഴിലാളികളുടെ വർധിച്ച ലഹരി ഉപയോഗവും രാത്രി കാലങ്ങളിലെ ബഹളവും പതിവുസംഭവമാണ്. കെട്ടിട നിർമാണ ചട്ടം ലംഘിച്ച് ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ പല തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നത്. പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിക്കുന്ന കമ്പനി മാറ്റുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അടുത്ത ഘട്ടം ബഹുജനങ്ങളെ സംഘടിപ്പിച്ച് കമ്പനിയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. രാജീവ് തിരുവച്ചിറ, ഇർഷാദ് നടുവട്ടം, ടി.കെ. അരുൺ, കെ.പി. ശബാബ്, അൻവർ മാത്തോട്ടം, കെ. റാണേഷ്, കെ.വി. വിജീഷ് എന്നിവർ സംസാരിച്ചു. shoe make company നടുവട്ടം പുഞ്ചപ്പാടത്ത് ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ചെരുപ്പ് കമ്പനി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.