ന്യായാധിപന്മാരുടെ വസതിയിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് തടയാനും നടപടിയില്ല വടകര: കോടതിയുടെ സീലിങ് അടർന്നുവീഴുന്നത് പതിവായിട്ടും പൊതുമരാമത്ത് വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇതിനുപുറമെ ന്യായാധിപന്മാരുടെ വസതിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് തടയാനുള്ള നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ റെക്കോഡ്റൂമിലെ സീലിങ് അടർന്നുവീണ് ജീവനക്കാരനായ ജയചന്ദ്രൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ 9.30 ഓടെയാണ് സംഭവം. കേസ് സംബന്ധിച്ച രേഖകൾ എടുത്തുവെക്കുന്നതിനിടയിലാണ് വൻ ഭാരമുള്ള കോൺക്രീറ്റ് പാളി അടർന്നുവീണത്. നിലവിൽ വിചാരണമുറിയിലെ ഡയസിനും ബെഞ്ച് ക്ലർക്ക് ഇരിക്കുന്നതിന് മുകളിലുമായി സീലിങ് ഏതുനിമിഷവും അടർന്നുവീഴാൻ പാകത്തിലാണുള്ളത്. ഭയത്തോടെയാണിപ്പോൾ ജീവനക്കാർ ജോലി ചെയ്യുന്നത്. കോടതിമുറിയിലെ സീലിങ് അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് പലതവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വർഷങ്ങൾക്കുമുമ്പ് തന്നെ സീലിങ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു. ചോളംവയലിലെ െഡ്രയിനേജിൽ നിന്ന് മാലിന്യം ന്യായാധിപന്മാരുടെ വസതിയിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പറയുന്നത്. ടൗണിലെ ഹോട്ടലുകൾ, മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലവും കക്കൂസ്മാലിന്യവും ഉൾെപ്പടെ മഴയിൽ ന്യായാധിപന്മാരുടെ വസതിയിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണുള്ളത്. ഇതുകാരണം വീട് പൂർണമായും അടച്ചിടേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ കാലവർഷത്തിലും ഈവർഷത്തെ വേനൽ മഴയിലും ന്യായാധിപന്മാരുടെ വീടും പരിസരവും മാലിന്യം നിറഞ്ഞിരുന്നു. നഗരസഭ, പി.ഡബ്ല്യു.ഡി എന്നിവർക്ക് പരാതി നൽകി. തുടർന്ന് വാർഡ് കൗൺസിലർ പി. പ്രസീത, ഹെൽത്ത് സൂപ്പർവൈസർ കെ. ദിവാകരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന്, െഡ്രയിനേജിലെ മാലിന്യവും ചളിയും നീക്കം ചെയ്തിട്ടും മലിനജലം തടയാൻ കഴിഞ്ഞില്ല. കെട്ടിടം സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിന് ചുറ്റുമുള്ള മുറ്റം ഉയർത്താൻ നടപടിയെടുക്കണമെന്നായിരുന്നു നഗരസഭ അധികൃതരുടെ നിലപാട്. ഇതിനായി പി.ഡബ്ല്യു.ഡി അധികൃതരോട് എസ്റ്റിമേറ്റ് തയാറാക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. ചെറിയ പ്രവൃത്തിയായതിനാൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. kzvtk01 വടകര കോടതി വരാന്തയുടെ മുകളിൽ കോൺക്രീറ്റ് പാളികൾ അടർന്ന ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.