കുറ്റ്യാടി: 'കുറ്റ്യാടിയുടെ ഓർമകൾ' എന്ന ചരിത്രസ്മരണികയുടെ എഡിറ്റർ പി. സൂപ്പിക്കു പിന്നാലെ അണിയറശിൽപികളിലൊരാളായ കൂരി സൂപ്പിയും (95) വിടപറഞ്ഞതോടെ കുറ്റ്യാടിക്ക് നഷ്ടമായത് മറ്റൊരു ചരിത്രസൂക്ഷിപ്പുകാരൻ കൂടി. എഴുത്തുകാരനല്ലെങ്കിലും കൂരി സൂപ്പിയുടെ ചരിത്രം പറച്ചിലായിരുന്നു പി. സൂപ്പിക്ക് അത്തരമൊരു ഗ്രന്ഥരചനക്ക് പ്രചോദനമായത്. ഔപചാരികവിദ്യാഭ്യാസം വേണ്ടത്രയില്ലാത്ത ആദ്യകാല ചുമട്ടുകാരനായിരുന്ന ഇദ്ദേഹം ടൗണിലെ ലൈബ്രറിയും വായനശാലയും ഏറ്റവും പ്രയോജനപ്പെടുത്തിയ അപൂർവ വ്യക്തിയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പുസ്തകങ്ങളിലെ ആശയങ്ങൾ സഹപ്രവർത്തകരുമായി പങ്കുവെക്കൽ ജീവിതാന്ത്യം വരെ അദ്ദേഹം തുടർന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പത്രമാസികകളിലെ പ്രധാനവിഷയങ്ങൾ പ്രത്യേകം സൂക്ഷിച്ചുവെക്കും. നിരവധി പുസ്തകങ്ങളുടെ ശേഖരം അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. പഴയകാലസംഭവങ്ങളെക്കുറിച്ചറിയാൻ എഴുത്തുകാരും രാഷ്ട്രീയപ്രവർത്തകരും സൂപ്പിയെ സമീപിക്കാറുണ്ടായിരുന്നെത്ര. ആദ്യകാലത്ത് വസൂരിയും മലമ്പനിയും കുറ്റ്യാടി മേഖലയിൽ താണ്ഡവമാടിയപ്പോൾ അത് പടരുന്നതിെൻറ പിന്നാലെ അന്ധവിശ്വാസവും പടർന്നിരുന്നു. എന്നാൽ, അത് രോഗാണുക്കൾ മൂലമാണെന്ന് ജനങ്ങളെ പഠിപ്പിക്കാൻ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു. കുറ്റ്യാടിയുടെ കുടിയേറ്റചരിത്രത്തെക്കുറിച്ച് പറയാൻ അദ്ദേഹത്തിന് ആയിരം നാവായിരുന്നു. നാട്ടറിവിലും നാട്ടു ചികിത്സരീതികളിലും അദ്ദേഹത്തിന് മിടുക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.