കോഴിക്കോട്: വടകര ആശ ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടറെ ചികിത്സപിഴവ് ആരോപിച്ച് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ പണിമുടക്കി. അത്യാഹിത വിഭാഗത്തെയും അടിയന്തിര ശസ്ത്രക്രിയകളെയും ഒഴിവാക്കിയായിരുന്നു മെഡിക്കൽ ബന്ദ്. കോഴിക്കോട്, വടകര, ഫറൂഖ്, കൊയിലാണ്ടി, മുക്കം, നാദാപുരം, താമരശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര എന്നീ ബ്രാഞ്ചുകൾ സമരത്തിൽ പങ്കെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി ഒഴികെയുള്ള മിക്ക സർക്കാർ, സ്വകാര്യ ആശുപത്രികളിലും സമരം പൂർണമായിരുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർമാർ സമരത്തിന് ധാർമിക പിന്തുണ പ്രഖ്യാപിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സമരം നടത്തിയത്. സ്വകാര്യ പ്രാക്ടീസിൽനിന്ന് ഡോക്ടർമാർ വിട്ടുനിന്നു. മിക്കയിടത്തും ഒ.പി പ്രവർത്തനം തടസ്സപ്പെട്ടു. എന്നാൽ പ്രസവ ശസ്ത്രക്രിയ പോലുള്ള അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ അവഗണിച്ചില്ല. ഹൗസ് സർജന്മാരും മെഡിക്കൽ പി.ജി വിദ്യാർഥികളും മെഡിക്കൽ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. അതിനിടയിൽ ഡോക്ടർമാരുടെ സമരത്തെക്കുറിച്ച് അറിയാതെ ആശുപത്രികളിൽ എത്തിയ രോഗികൾ വലഞ്ഞു. ഐ.എം.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ നടത്തിയ ധർണയിൽ 500ഓളം ഡോക്ടർമാർ പങ്കെടുത്തു. ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.വി.ജി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ ആക്രമണങ്ങൾ വർധിച്ചുവരുന്നത് അപലപനീയമാണെന്നും, ജാമ്യമില്ലാത്ത കുറ്റകൃത്യമായിട്ടുപോലും ഇത്തരം കേസുകളിൽ പൊലീസ് കാര്യക്ഷമമായി ഇടപെടാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്തയാഴ്ച സമരം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഐ.എം.എ ജില്ല ടാസ്ക് ഫോഴ്സ് ചെയര്മാന് ഡോ. അജിത് ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഡോ.പി.എൻ അജിത, കെ.ജി.എം.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി ഡോ.ടി.എൻ സുരേഷ്, ഡോ .എസ്.ശശിധരൻ, ഡോ.പി.എം അബൂബക്കർ എന്നിവർ സംസാരിച്ചു. വടകര ഗവ. ആശുപത്രിയിൽ ഒ.പി. വിഭാഗം പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ വടകര ഗവ. ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഒ.പി. വിഭാഗത്തിലെത്തിയ 200ലേറെ രോഗികളെ അത്യാഹിത വിഭാഗത്തിൽ ആണ് പരിശോധിച്ചത്. ബുധനാഴ്ച രാവിലെ വടകരയിലെ ഡോക്ടർമാർ ആശ ഹോസ്പിറ്റലിനു മുൻപിൽ ഒത്തുകൂടി പ്രതിഷേധിച്ചു. ഡോക്ടർമാരായ സജിത് പ്രസാദ്, പി. നസീർ, കെ.എം. അബ്ദുല്ല, എം. മുരളീധരൻ, കെ. അജ്മൽ, വി.കെ. ജമാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.