സർക്കാർ സ്​കൂൾ പ്രവേശനത്തിന്​ രണ്ടു രാ​ത്രി നീണ്ട ക്യൂ

നടുവണ്ണൂർ: ഒരു സർക്കാർ സ്കൂളി​െൻറ രണ്ട് നീളൻ വരാന്തയിലും നിറയെ സ്ത്രീകളും കുട്ടികളും രണ്ടുദിവസം മു​േമ്പ പ്രവേശനത്തിന് ക്യൂ നിൽക്കുന്ന അപൂർവ കാഴ്​ചയാണ് നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ. വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കാനായി വീടുകയറുമ്പോഴാണ് എട്ടാം ക്ലാസ് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് അറുന്നൂറോളം രക്ഷിതാക്കളും കുട്ടികളും രാത്രിയും പകലും ക്യൂ നിൽക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8.30ന്​ തുടങ്ങിയതാണ് ക്യൂ. വ്യാഴാഴ്​ച രാവിലെയാണ് പ്രവേശനം. 150 പേർക്ക്​ പ്രവേശനം ലഭിക്കുന്ന മലയാളം മീഡിയത്തിന് മുന്നൂറിലധികം പേരാണ് ഉൗഴം കാത്തുനിൽക്കുന്നത്​. ഇവിടെനിന്ന് മാറിയാൽ തങ്ങളുടെ അവസരം നഷ്​ടപ്പെടുന്നതുകൊണ്ട് പലരും ഭക്ഷണം കഴിക്കുന്നതും ക്യൂവിൽനിന്നുതന്നെ. ഇംഗ്ലീഷ് മീഡിയത്തിലും 150 സീറ്റുകളാണ് ഉള്ളത്. ഇവിടേക്കും 250ലധികം രക്ഷിതാക്കൾ ക്യൂവിലാണ്. ഇവിടെ ഒന്നാം ക്ലാസിൽ അഡ്മിഷന് നീണ്ട ക്യൂ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് എട്ടാം ക്ലാസ് പ്രവേശനത്തിന് ഇത്രയധികം പേരെത്തുന്നത്​. എട്ടാം ക്ലാസിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒമ്പത് ഡിവിഷനുകളിലാണ് പ്രവേശനം. ഇതിൽ മൂന്ന് ഡിവിഷൻ ഇതേ സ്കൂളിലെ ഏഴാം ക്ലാസ് കുട്ടികൾക്കുള്ളതാണ്. വന്ന രക്ഷിതാക്കൾ രണ്ട് വരാന്തകളിലായി ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ തിരിച്ച് ക്യൂ ഉണ്ടാക്കിയിരിക്കുകയാണ്. മൂന്നുമണിക്കൂർ ഇടവിട്ട് ഇവർ ഹാജർ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തം നിലയിൽ ടോക്കണും നൽകിയിട്ടുണ്ട് രണ്ട് ക്യൂവിലും. രാത്രിയിലും സ്കൂൾ കോമ്പൗണ്ട് നിറയെ സ്ത്രീകളടക്കം നിറഞ്ഞുനിൽക്കുന്ന സ്ഥിതിയാണ്. പി.ടി.എ ഭാരവാഹികളടക്കം വരിനിൽക്കുന്നവരിലുണ്ട് എന്നതാണ് പ്രത്യേകത. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 67 കുട്ടികൾക്ക് ഫുൾ എ പ്ലസും 99.2 ശതമാനം വിജയവുമുണ്ടായിരുന്നു. ഏപ്രിൽ 25ന് നടന്ന ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷനും വലിയ തിരക്കായിരുന്നു. ബാലുശ്ശേരി മണ്ഡലത്തിലെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട സ്കൂളാണിത്. അഡ്മിഷന് ക്യൂ നിൽക്കുന്ന രക്ഷിതാക്കളിൽ ഭൂരിഭാഗവും ഉള്ള്യേരി, പേരാമ്പ്ര, കൊയിലാണ്ടി, കൂട്ടാലിട, കായണ്ണ, കടിയങ്ങാട്, ഒറ്റക്കണ്ടം, കോക്കല്ലൂർ, ഊരള്ളൂർ ഭാഗങ്ങളിൽനിന്നുള്ളവരാണ്. മുഴുവൻ പേർക്കും പ്രവേശനം കിട്ടത്തക്ക വിധം പ്രത്യേക ഉത്തരവിലൂടെ ഡിവിഷൻ അനുവദിക്കുന്നതിനായി അടുത്ത ദിവസംതന്നെ വിദ്യാഭ്യാസ മന്ത്രിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സ്കൂൾ അധികൃതർ. സ്കൂളി​െൻറ വളർച്ചയിൽ കാര്യമായ പങ്കുവഹിച്ച നാട്ടുകാർക്ക് സീറ്റ് ലഭിക്കുന്നില്ല എന്ന പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.