നടുവണ്ണൂർ: ചരിത്രത്തിലാദ്യമായി കോട്ടൂരിലെ അത്തൂനി ക്ഷേത്രക്കുളവും വറ്റി. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിലാണ് കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്ര കുളം സ്ഥിതി ചെയ്യുന്നത്. കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായ 400 വർഷത്തിലധികം പഴക്കമുള്ള അത്തൂനി ദേവി ക്ഷേത്രത്തോടനുബന്ധിച്ചുള്ള കുളം പരിസരവാസികൾക്കും കന്നുകാലികൾ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ദാഹശമനിയായിരുന്നു. കുളം പുനർനിർമാണം നടത്തുന്നതിനായി ഗ്രാമപഞ്ചായത്ത്, ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വർഷങ്ങളായി ആവശ്യം ഉന്നയിച്ചുള്ള രേഖകൾ നൽകുകയുണ്ടായി. എന്നാൽ, ഇന്നേവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഒരുവിധ പ്രതികരണവും ഉണ്ടായില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയം ഉന്നത അധികാരികൾ ആവശ്യമായ നടപടി സ്വീകരിച്ചാൽ പെരവച്ചേരി കുന്നരംവെള്ളി ഭാഗത്തുള്ള നൂറിൽപരം കുടുംബങ്ങൾക്ക് ഈ കുളം ഉപയോഗപ്രദമാകുമെന്ന് അത്തുനി ദേവി ക്ഷേത്രപരിപാലന സമിതി ഭാരവാഹികൾ പറഞ്ഞു. എകദേശം 35 ലക്ഷം രൂപയോളം വരും ഈ കുളം പുനരുദ്ധരിക്കാൻ. പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന എം.പി, എം.എൽ.എ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നീ ഭാഗത്തുനിന്ന് കനിഞ്ഞാൽ മാത്രമേ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. കോട്ടൂർ പഞ്ചായത്തിൽ ഇതുപോലുള്ള നിരവധി ജലാശയങ്ങൾ അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ക്ഷേത്രക്കുളത്തിെൻറ കാര്യത്തിൽ അധികൃതർ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് അത്തൂനി ദേവിക്ഷേത്ര പരിപാലന സമിതി യോഗം ആവശ്യപ്പെട്ടു. മോഹനൻ കോട്ടൂർ അധ്യക്ഷതവഹിച്ചു. പി.പി. വിശ്വനാഥൻ, ടി. രാധാകൃഷ്ണൻ, പി.കെ ഗോവിന്ദൻ നായർ, സി.എച്ച്. ബാലൻ, പി.പി. കുഞ്ഞികൃഷ്ണൻ നായർ, ബിനീഷ് അത്തൂനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.