മുക്കം: നഗരസഭയിൽ 2017-^18 വർഷത്തിൽ 47 കോടിയുടെ പദ്ധതികളടങ്ങിയ ബജറ്റ് വൈസ് ചെയർപേഴ്സൻ ഫരീദ മോയിൻകുട്ടി അവതരിപ്പിച്ചു. നഗരസഭ പരിധിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതാണ് പ്രധാന പദ്ധതികളിലൊന്ന്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് പ്ലാസ്റ്റിക് രഹിതമായി നടത്തുന്ന വിവാഹങ്ങൾക്ക് ഹരിതോപഹാരങ്ങൾ നൽകും. ഇതിനായി രണ്ടു ലക്ഷം വകയിരുത്തി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളും മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കും. പദ്ധതിയുടെ വിജയത്തിനായി തോട്ടത്തിൻകടവിൽ എൽ.ഇ.ഡി നിർമാണ യൂനിറ്റിന് 10 ലക്ഷവും വകയിരുത്തി. മാലിന്യ നിർമാർജനത്തിനായി 50 ലക്ഷം വകയിരുത്തി. തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് 10 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. പുഴ പുറമ്പോക്ക് പ്രദേശങ്ങൾ സർവേ നടത്തി തിരിച്ചുപിടിക്കുന്നതിനായി നഗരവനമെന്ന പേരിൽ പദ്ധതി നടപ്പാക്കും. ഇതിനായി അഞ്ചു ലക്ഷവും നഗരസഭക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഓഫിസിനായി മൂന്നു കോടിയും പുതിയ കുടിവെള്ള പദ്ധതികൾക്കായി 20 ലക്ഷവും അംഗൻവാടി ജീവനക്കാരുടെ വർധിപ്പിച്ച വേതനം നൽകുന്നതിനായി 15 ലക്ഷവും വയോജനങ്ങളുടെ ക്ഷേമത്തിന് വയോമിത്രം പദ്ധതി നടപ്പാക്കുന്നതിന് 10 ലക്ഷവും വകയിരുത്തും. സംസ്ഥാന സർക്കാറിെൻറ സഹകരണത്തോടെ ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കുന്നതിന് നഗരസഭയുടെ വകയായി 10 ലക്ഷം അനുവദിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്കായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതിക്കാർക്ക് ഫ്ലാറ്റ് നിർമിച്ചു നൽകുന്നതാണ് മറ്റൊരു പുതിയ പദ്ധതി. ഇതിനായി പച്ചക്കാട് പാർപ്പിട സമുച്ചയം പദ്ധതി നടപ്പാക്കും. 60 ലക്ഷം ഇതിനായി നീക്കിവെച്ചു. മാലിന്യ സംസ്കരണത്തിന് മികച്ച പരിഗണനയാണ് ബജറ്റ് നൽകുന്നത്. വീടുകളിൽ ബയോഗ്യാസ് പ്ലാൻറുകൾ സ്ഥാപിക്കുന്നവർക്ക് നികുതിയിൽ നിശ്ചിത ശതമാനം ഇളവ് നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾ പ്രകൃതി സൗഹൃദമാക്കുന്നതിെൻറ ഭാഗമായി വിദ്യാലയങ്ങളിൽനിന്ന് പ്ലാസ്റ്റിക് പേനകൾ വിടപറയും. പൈലറ്റ് പദ്ധതി അഞ്ചാം ക്ലാസിൽ ആരംഭിക്കുന്നതിന് രണ്ടു ലക്ഷം മാറ്റിവെച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രതിരോധമെന്ന നിലയിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കരാേട്ട, കുങ്ഫു എന്നിവ പഠിപ്പിക്കും. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരീഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.ടി. ശ്രീധരൻ, എൻ. ചന്ദ്രൻ, പി. പ്രശോഭ് കുമാർ, വി. ലീല, സാലി സിബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.