കോഴിക്കോട്: നഗരത്തിൽ അവശേഷിക്കുന്ന തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തുന്നതിനെതിരെ ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ റവന്യൂ അധികൃതർ രംഗത്തിറങ്ങി. കനോലി കനാലിനോടു ചേർന്ന് കോട്ടൂളി വില്ലേജിൽപ്പെട്ട ചതുപ്പുനിലങ്ങളും നീർത്തടങ്ങളും സ്വകാര്യവ്യകതികൾ മണ്ണിട്ടുനികത്തുന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകരും പരിസരവാസികളും പ്രതിഷേധിച്ചതിനെ തുടർന്നാണ് കലക്ടറുടെ ഇടപെടൽ. കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തിൽ എ. പ്രദീപ്കുമാർ എം.എൽ.എ പ്രശ്നം ഉന്നയിക്കുകയും ചെയ്തിരുന്നു. കനോലി കനാലിനോടു ചേർന്ന അരയിടത്തുപാലത്തിന് സമീപമുള്ള പ്രദേശം, സ്വപ്നനഗരി പരിസരം, വാഴത്തിരുത്തി പ്രദേശം എന്നിവിടങ്ങളിൽ ജില്ല കലക്ടർ സന്ദർശനം നടത്തി. അരയിടത്തുപാലത്തിനു സമീപമുള്ള പ്രദേശത്ത് നീരൊഴുക്കിലേക്ക് മണ്ണിട്ടുനികത്തിയ നിലയിലാണ്. പലഘട്ടങ്ങളിലായി മണ്ണിട്ടു നികത്തിയതാണെന്ന കാര്യം റവന്യൂ ഉദ്യോഗസ്ഥർ കലക്ടറെ ധരിപ്പിച്ചു. സ്വപ്നനഗരി പ്രദേശത്തും മണ്ണിട്ടുനികത്തിയിട്ടുണ്ട്. വാഴത്തിരുത്തിയിൽ കണ്ടൽച്ചെടികൾ നശിപ്പിച്ചിട്ടുണ്ട്. കണ്ടൽ നശിപ്പിച്ചതിനെതിരെ സ്വകാര്യവ്യക്തിക്കെതിരെ കേസുണ്ട്. മണ്ണിട്ടുനികത്തലിനെതിരെ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് ജില്ല കലക്ടർ പറഞ്ഞു. നികത്തിയ പ്രദേശത്തെ മണ്ണ് നീക്കുന്നതിന് സ്വകാര്യവ്യക്തികളോട് ആവശ്യപ്പെടും. അങ്ങനെ ചെയ്യാത്തപക്ഷം റവന്യൂ വകുപ്പ് സ്വന്തംനിലയിൽ നീക്കംചെയ്യാനും നടപടി സ്വീകരിക്കും. എ.ഡി.എം ടി. ജനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ എം. ഹേമ, വേങ്ങേരി വില്ലേജ് ഓഫിസർ ഇ. രഞ്ജിത്, കോട്ടൂളി വില്ലേജ് ഓഫിസർ എം. ശ്രീജ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.