കോഴിക്കോട്: അഞ്ചുനാൾ നഗരത്തിന് പെൺസിനിമകൾ മാത്രം സമ്മാനിച്ച പ്രഥമ അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവത്തിന് തിരശ്ശീല താഴ്ന്നു. ഒമ്പത് ലോക സിനിമകളും 10 ഇന്ത്യൻ സിനിമകളും എട്ട് ഹ്രസ്വചിത്രങ്ങളുമുൾപ്പടെ 27 സിനിമകൾ പ്രദർശിപ്പിച്ചാണ് മേള കടന്നുപോയത്. രാജ്യത്തെത്തന്നെ അറിയപ്പെടുന്ന സംവിധായികമാർ ചലച്ചിത്രോത്സവത്തിെൻറ ആദ്യവസാനം പങ്കെടുക്കാനും കാഴ്ചക്കാരുമായി സംവദിക്കാനുമുണ്ടായിരുന്നു. ബിജയ ജെന, ഉർവശി ഇറാനി, ലീന മണിമേഖലൈ, സുമൻ കിട്ടൂർ, ഫൗസിയ ഫാത്തിമ തുടങ്ങിയവരാണ് മേളയിൽ സജീവ സാന്നിധ്യമായത്. വനിതദിനത്തിെൻറ തലേന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സംവിധാനത്തിനും മികച്ച സിനിമക്കുമുള്ള അവാർഡ് വിധു വിൻസെൻറും അവരുടെ ചിത്രം മാൻഹോളും നേടിയത് ചലച്ചിത്രമേളക്ക് മാധുര്യം പകർന്നു. പ്രഖ്യാപനവേളയിലും അതിനടുത്തുള്ള ദിവസങ്ങളിലുമെല്ലാം മേളയിലെ സാന്നിധ്യമായിരുന്നു വിധു. വനിതദിനത്തിൽ മാൻഹോൾ പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിലാണ്. സമാപന ദിവസം ഗെറ്റ്: ദി ട്രയൽ ഓഫ് വിവിയൻ അംസാലേം, പർച്ഛേദ്, ലീച്ചസ്, ദി ഗോൾഡൻ വിങ്, എ ഫ്ലവർ ഇൻ ദി വിൻഡ്, മസ്താങ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സമാപന സമ്മേളനത്തിൽ ലീന മണിമേഖലൈ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയ സുരഭി ലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു. ഫെസ്റ്റിവൽ ചെയർമാൻ ചെലവൂർ വേണു അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ദീദി ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിധു വിൻസൻറ്, ബിജയ ജെന, മയൂരി വാൽകെ എന്നിവർ സംസാരിച്ചു. വി.കെ. ജോസഫ് സ്വാഗതവും കെ.ജെ. തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.