പേരാമ്പ്ര: ഭക്ഷണത്തോടൊപ്പം സ്നേഹവും വിളമ്പുന്നതുകൊണ്ടാണ് ജാനുവേടത്തിക്ക് ഈ കൈപ്പുണ്യം ലഭിച്ചതെന്നാണ് കാരയാട്ടുകാർ പറയുന്നത്. കല്യാണം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കെല്ലാം സാധാരണ പാചകം ചെയ്യുന്നത് പുരുഷന്മാരായിരിക്കും. എന്നാൽ, ഇവിടെയുള്ളവർ ജാനുവേടത്തിക്ക് പറ്റില്ലെങ്കിൽ മാത്രമാണ് മറ്റു പാചകക്കാരെ തേടി പോവുകയുള്ളൂ. ബിരിയാണി പാചകം ചെയ്യുന്നതിലുള്ള ഇവരുടെ വൈദഗ്ധ്യം ഒന്നുവേറെത്തന്നെയാണ്. 17 വർഷം മുമ്പ് ചെറിയ ഒരു പരിപാടിക്ക് ബിരിയാണി പാചകം ചെയ്തായിരുന്നു തുടക്കം. പിന്നീട് വിരുന്നുസൽക്കാരം, ജന്മദിനാഘോഷം, കല്യാണം, ഗൃഹപ്രവേശം എന്നിങ്ങനെ എല്ലാ ആഘോഷങ്ങൾക്കും നാട്ടുകാർക്ക് ജാനുവേടത്തി വെക്കുന്ന ബിരിയാണി വേണമെന്നായി. തുടക്കത്തിൽ വീടിനടുത്ത് മാത്രം പാചകം ഏറ്റിരുന്ന ഇവരെ തേടി ദൂരെ സ്ഥലങ്ങളിൽനിന്നു പോലും ആളുകൾ വന്നുതുടങ്ങി. അധികമാരും സഹായത്തിനു വേണ്ടെന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. വിവിധ ലേഹ്യങ്ങൾ, പ്രസവരക്ഷാ മരുന്നുകൾ, വെളിച്ചെണ്ണ തുടങ്ങിയവ ഉണ്ടാക്കാനും ജാനുവേടത്തിയെ തേടി നിരവധി ആളുകളാണ് എത്തുന്നത്. വെറും പാചകത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ കഴിവ്. വയസ്സ് 60 കഴിഞ്ഞെങ്കിലും പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേൽക്കും. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ വീട്ടുപണിക്ക് പോകും. അതുകഴിഞ്ഞ് പ്രസവ ശുശ്രൂഷക്കായി മറ്റൊരു വീട്ടിൽ, അതിനിടയിലാണ് പാചകത്തിനു പോകുന്നത്. കാരയാട് കാളിയത്തുമുക്കിൽ കുറ്റിപ്പുറത്ത് ജാനു വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷമാണ് മക്കളെ വളർത്താൻ വേണ്ടി ജോലിക്ക് പോയിത്തുടങ്ങിയത്. ഇന്ന് വിദേശത്തുള്ള രണ്ട് ആൺമക്കളും ജോലിക്ക് പോകേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈ അമ്മ അത് സ്നേഹപൂർവം നിരസിക്കുകയാണ്. തനിക്ക് എഴുന്നേറ്റു നടക്കാൻ സാധിക്കുന്നിടത്തോളം പാചകകല ഉപേക്ഷിക്കാൻ തയാറല്ലെന്നാണ് ജാനുവേടത്തി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.