കോഴിക്കോട്: പനിപ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 27, 28, 29 തീയതികളിൽ ജില്ലയിൽ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്താൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചു. സർക്കാർആശുപത്രികളുടെ ഒ.പി സമയം കൂട്ടാൻ കലക്ടർ നിർദേശിച്ചു. പനി ബാധിതർക്കായി താലൂക്കാശുപത്രികൾ തൊട്ട് മുകളിലേക്ക് പനി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതായി ഡി.എം.ഒ ഡോ. ആശാദേവി അറിയിച്ചു. മറ്റു വാർഡുകളിൽ കിടത്തുമ്പോൾ കൊതുകുവല ഉപയോഗിക്കുന്നുണ്ടെന്നും അറിയിച്ചു. പകർച്ചപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത കൂരാച്ചുണ്ട്, നരിക്കുനി, കാക്കൂർ, പനങ്ങാട്, നന്മണ്ട, കക്കോടി, തലക്കുളത്തൂർ, കായണ്ണ ഗ്രാമപഞ്ചായത്തുകൾ, രാമനാട്ടുകര നഗരസഭ, കോഴിക്കോട് കോർപറേഷൻ എന്നീ കേന്ദ്രങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ശുചീകരണ യജ്ഞത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും. ശുചീകരണ യജ്ഞത്തിന് മുന്നോടിയായി പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, യൂത്ത് ക്ലബുകൾ തുടങ്ങിയവയുടെ യോഗം വിളിക്കും. തദ്ദേശസ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥതലത്തിൽ പെർഫോമൻസ് ഓഡിറ്റർമാർ നിരീക്ഷിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കലക്ടർക്ക് റിപ്പോർട്ട് നൽകും. ഓടകൾ വൃത്തിയാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിച്ചതായി ജില്ലശുചിത്വമിഷൻ അറിയിച്ചു. ഓടകൾ വൃത്തിയാക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും ശുചീകരണയജ്ഞത്തിൽ ഓട വൃത്തിയാക്കലും കൂടി ഉൾപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചു. പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാർ വിളിച്ചുചേർത്ത യോഗം നടത്തിയതായി ഡി.എം.ഒ അറിയിച്ചു. ജില്ലതല മോണിറ്ററിങ് കമ്മിറ്റിയും യോഗം ചേർന്നിട്ടുണ്ട്. ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ, പഞ്ചായത്ത് ഉപഡയറക്ടറുടെ ചുമതലയുള്ള മുരളീധരൻ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.