മുഹമ്മദി​െൻറ വെളിച്ചമാണ്​ സായന്ത് -

മുഹമ്മദി​െൻറ വെളിച്ചമാണ് സായന്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തണലേകി നാദാപുരം ഗവ. യു.പി സ്കൂൾ - നാദാപുരം: കണ്ണുകളിൽ ഇരുട്ടായ മുഹമ്മദിന് എല്ലാതരത്തിലും വെളിച്ചമാവുകയാണ് സഹപാഠിയായ സായന്ത്. മുഹമ്മദി​െൻറ സ്വപ്നങ്ങൾക്ക് നിറവും വെളിച്ചവുമേകി എല്ലാത്തിനും സഹായമേകുകയാണ് ഇൗ ഉറ്റതോഴൻ. രണ്ടുപേരും നാദാപുരം ഗവ. യു.പി സ്കൂളിലെ ഏഴാംതരം വിദ്യാർഥികളാണ്. മുഹമ്മദിന് ജന്മനാ കാഴ്ചയില്ല. എന്നാൽ, കൂട്ടുകാരനെ നോവുകൾ അറിയിക്കാതെ കൂടെ കൊണ്ടുനടക്കുകയാണ് സായന്ത്. ദിവസവും മുഹമ്മദി​െൻറ വരവുംകാത്ത് രാവിലെത്തന്നെ സ്കൂൾ ഗേറ്റിൽ അവൻ കാത്തിരിപ്പുണ്ടാകും. അവിടെ നിന്ന് കൈപിടിച്ച് നടത്തിക്കും. പിന്നെ സ്കൂൾ വിടുംവരെ ഒപ്പമുണ്ടാകും. പഠനത്തിൽ സഹായിക്കാനും കൂടെ കളിക്കാനും ഒക്കെ സായന്തിന് മടിയേതുമില്ല. പഠനത്തിൽ മിടുക്കനായ മുഹമ്മദ് നല്ലൊരു പാട്ടുകാരനുമാണ്. സായന്ത് ആവശ്യപ്പെടുേമ്പാഴൊക്കെ അവൻ ഇമ്പമാർന്ന പാട്ടുകൾ പാടും. മറ്റു കുട്ടികളും അതിനായി കാതോർക്കും. ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചാൽ ചോറ്റുപാത്രം ബാഗിൽനിന്ന് എടുത്തുകൊടുക്കുന്നതും സായന്താണ്. കൂട്ടുകാരൻ എന്നതിലുപരി ഒരു രക്ഷിതാവി​െൻറ കരുതൽ നൽകുകയാണ് സായന്ത്. ഒരു ദിവസം മുഹമ്മദ് സ്കൂളിൽ വരാതിരുന്നാൽ അവന് പ്രയാസമാണ്. വീട്ടിൽ വിളിച്ച് കാരണമെന്തെന്ന് തിരക്കും. ഈ വർഷം ഏഴാം ക്ലാസ് കഴിയുമ്പോൾ ഒരേ ഹൈസ്കൂളിൽ ചേരാനാണ് രണ്ടു പേരുടെയും ആഗ്രഹം. സ്കൂളിലെ മുഴുവൻ അധ്യാപകരേയും ശബ്ദംകൊണ്ട് മുഹമ്മദിന് തിരിച്ചറിയാം. കല്ലാച്ചിയിലെ ഒാേട്ടാഡ്രൈവർ ശരതി​െൻറയും ലീനയുടെയും മകനാണ് സായന്ത്. ചാലപ്പുറത്ത് അബ്ദുൽസലാമി​െൻറയും ഫസീറയുടെയും മകനാണ് മുഹമ്മദ്. സ്കൂളിൽ ആകെ 1300ഒാളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇതിൽ 15- ഓളം പേർ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്. അവർക്ക് മറ്റുകുട്ടികളും അധ്യാപകരും വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. പ്രത്യേകപരിശീലനം നേടിയ അധ്യാപകർ ഇവരെ പഠിപ്പിക്കാനെത്തുന്നുണ്ട്. ഇത്തരം കുട്ടികളെ ചേർക്കാൻ മറ്റുള്ളവർ മടിക്കുമ്പോൾ നാദാപുരം സ്കൂൾ അവർക്കായി വിദ്യയുടെ വാതിലുകൾ തുറന്നിടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.