കേളകം: വൈശാേഖാത്സവവേദിയായ കൊട്ടിയൂരിൽ പെരുമാളിന് ഇളനീരഭിഷേകം നടത്തി. ഇന്നലെ അർധരാത്രിയോടെയാണ് ഇളനീരാട്ട ചടങ്ങുകൾ ആരംഭിച്ചത്. ഭക്തർ വ്രതാനുഷ്ഠാനത്തോടെ എത്തിച്ച് തിരുവഞ്ചിറയിൽ പെരുമാളിന് സമർപ്പിച്ച ഇളനീർക്കാവുകൾ കാര്യത്ത് കൈക്കോളാൻ സ്ഥാനികെൻറ നേതൃത്വത്തിൽ വിവിധ കൈക്കോളാന്മാർ മണിത്തറയോട് ചേർന്ന പ്രത്യേക സ്ഥാനത്ത് കാവുകൾ നീക്കിയശേഷം ചെത്തിയൊരുക്കി കൂമ്പാരമാക്കി. ഇളനീരുകൾ സ്ഥാനിക ബ്രാഹ്മണർ കൊത്തിയെടുത്ത് ഇളനീർ വെള്ളിപ്പാത്രങ്ങളിൽ നിറച്ചു. വെള്ളിപ്പാത്രങ്ങളിലെ ഇളനീർ സ്വർണപാത്രത്തിൽ പകർന്ന് ഉഷകാമ്പ്രം നമ്പൂതിരിയാണ് പെരുമാൾ വിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തിയത്്. ജലം എടുത്തശേഷമുള്ള ഇളനീർ തൊണ്ടുകൾ തിരുവഞ്ചിറയിലേക്ക് എറിയുന്നത് പ്രസാദമായി സ്വീകരിക്കാൻ ഭക്തർ തിരക്കുകൂട്ടി. ഇളനീരാട്ടച്ചടങ്ങുകൾ ദർശിക്കാൻ ആയിരക്കണക്കിന് ഭക്തർ ഉത്സവനഗരിയിൽ സന്നിഹിതരായിരുന്നു. മഹോത്സവകാലത്തെ മൂന്നാമത്തേതായ രേവതി ആരാധന നാളെ നടക്കും. ഇന്നലെ ഉത്സവനഗരിയിൽ അഷ്ടമി ആരാധന നടന്നു. ആരാധനക്കാവശ്യമായ കളഭം കോട്ടയം കോവിലകത്തുനിന്നും പഞ്ചഗവ്യം പാലമൃത് കരോത്ത് നായർ തറവാട്ടിൽനിന്നും എഴുന്നള്ളിച്ചെത്തിച്ചു. ചടങ്ങുകൾക്ക് പാലോന്നം നമ്പൂതിരി കാർമികത്വം വഹിച്ചു. ആരാധനനാളിൽ ഉച്ചശീവേലി ഭഗവാന് പൊന്നിൻശീവേലിയായിരുന്നു. അഷ്ടമിപ്പാട്ടുകളും സന്നിധിയിൽ മുഴങ്ങി. ഇളനീരാട്ടച്ചടങ്ങിന് മുന്നോടിയായി കൊട്ടേരിക്കാവിൽനിന്ന് മുത്തപ്പൻ വരവ് നടന്നു. ഇളനീരാട്ട ചടങ്ങുകൾക്കുശേഷം ഇന്ന് മണിത്തറയും തിരുവഞ്ചിറയും ശുചീകരിച്ചശേഷമാണ് നിത്യപൂജകൾ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.