ചേളന്നൂരിൽ ഡെങ്കിപ്പനി പടരുന്നു

ചേളന്നൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ ഡെങ്കിപ്പനിയും എച്ച്1 എൻ1ഉം പടരുന്നു. അമ്പതിലധികം പേർ സർക്കാർ ആശുപത്രികളിലും മറ്റു സ്വകാര്യ ആശുപത്രികളിലും ഡെങ്കിപ്പനിക്ക് ചികിത്സ തേടി. കാക്കൂർ മല കോളനിയിൽ ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞദിവസം ഒരാൾ മരിച്ചിരുന്നു. മുതുവാട്ടുതാഴം, ചേളന്നൂർ 9/5, അമ്പലപ്പാട്, പാലത്ത്, പള്ളിപ്പൊയിൽ, കുമാരസ്വാമി, അമ്പലത്തുകുളങ്ങര, പുതിയടത്തുതാഴം ഭാഗങ്ങളിൽ പനി പടരുകയാണ്. പലരും ബീച്ചാശുപത്രിയിലും മെഡിക്കൽ കോളജിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആഴ്ചകളായി ചികിത്സയിലാണ്. ഈ മാസംതന്നെ ഏഴു പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. രണ്ടു പേർക്ക് എച്ച്1 എൻ1 ആണ്. ഒരു വീട്ടിൽ ഒരാൾക്ക് പനി ബാധിക്കുമ്പോൾ അത് കുടുംബാംഗങ്ങളിലേക്കും അടുത്തുള്ള വീടുകളിലേക്കും പടരുകയാണ്. ഇരുവള്ളൂരിലെ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസേന നൂറുകണക്കിന് രോഗികൾ പനിക്ക് ചികിത്സ തേടിയെത്തുന്നുണ്ട്. ദിവസവും ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ പലരും ചികിത്സ കിട്ടാതെ മടങ്ങേണ്ട അവസ്ഥയാണ്. പല തസ്തികകളും ജീവനക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. സ്വന്തമായി നല്ലൊരു കെട്ടിടം ഉണ്ടായിട്ടും ലാബ് സൗകര്യം ഇല്ലാത്ത പ്രശ്നവുമുണ്ട്. രക്ത പരിശോധനക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പനി പടരുന്നത് തടയുന്നതിന് പഞ്ചായത്ത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല പറഞ്ഞു. വീടും പരിസരവും ശുചീകരിക്കാനുള്ള ബോധവത്കരണ പരിപാടികൾ, വ്യാപാരികളെ ഏകോപിപ്പിച്ച് ശുചീകരണം, ആയുർവേദ പ്രതിരോധ ക്യാമ്പ് എന്നിവക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. .................... p3cl20
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.