ആർ.എസ്.എസിനെതിരെ ജനാധിപത്യ പ്രതിരോധം തീർക്കും -സി.പി.എം കോഴിക്കോട്: സി.എച്ച്. കണാരൻ സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന പാർട്ടി ജില്ല കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആർ.എസ്.എസ് ബോംബാക്രമണത്തിൽ സി.പി.എം ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വർധിച്ചുവരുന്ന ആർ.എസ്.എസ് അക്രമങ്ങൾക്കെതിരെ ജൂൺ 30നകം ജില്ലയിലെ ലോക്കൽ-, ഏരിയ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കും. തങ്ങൾക്ക് അനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വേട്ടയാടുന്ന സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും എഴുത്തുകാരെയും കലാകാരന്മാരെയും അണിനിരത്തി ജനാധിപത്യപരമായ പ്രതിരോധങ്ങൾ ഉയർത്തണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി ജില്ല സെക്രട്ടറി പി. മോഹനനെ ലക്ഷ്യംവെച്ച് നടന്ന ബോംബാക്രമണം ഉത്കണ്ഠ ഉയർത്തുന്നതാണ്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പ്രതികളെ ഉടൻ പിടികൂടണം. പാർട്ടി ഓഫിസ് ആക്രമണം സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഫാഷിസ്റ്റ് നീക്കങ്ങളെ ജനാധിപത്യ ശക്തികൾ ഒന്നിച്ചുനിന്ന് പ്രതിരോധിക്കണം. സംഭവമറിഞ്ഞ് ജില്ല കമ്മിറ്റി ഓഫിസിലെത്തി പ്രതിഷേധവും ഐക്യദാർഢ്യവുമറിയിച്ച രാഷ്ട്രീയപാർട്ടി നേതാക്കൾ, സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ജില്ല കമ്മിറ്റി നന്ദി അറിയിച്ചു. എത്രവലിയ പ്രകോപനമുണ്ടായാലും ഒരു വിധത്തിലുള്ള വൈകാരിക പ്രകടനങ്ങളിലേക്കും വീണുപോകരുതെന്നും സമാധാനാന്തരീക്ഷം നിലനിർത്താൻ മുൻകൈയെടുക്കണമെന്നും പാർട്ടി പ്രവർത്തകരോടും ബഹുജനങ്ങളോടും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.