ക്ലാസ്മുറികളിൽ തെരുവുനായ് വിളയാട്ടവും മാലിന്യങ്ങളും; അച്യുതൻ ഗേൾസ് സ്കൂളിൽ വിദ്യാർഥിനികളുടെ പ്രതിഷേധം

ക്ലാസ്മുറികളിൽ തെരുവുനായ് വിളയാട്ടവും മാലിന്യങ്ങളും; അച്യുതൻ ഗേൾസ് സ്കൂളിൽ വിദ്യാർഥിനികളുടെ പ്രതിഷേധം കോഴിക്കോട്: ചാലപ്പുറം അച്യുതന്‍ ഗേള്‍സ് സ്‌കൂളിൽ പഠിക്കാനെത്തുന്ന വിദ്യാർഥിനികളെ കാത്തിരിക്കുന്നത് തെരുവുനായ്ക്കളും അവ കൊണ്ടുവന്നിടുന്ന മാലിന്യവും. നായ്ക്കൾ വിളയാടുന്ന ക്ലാസ് മുറികളിലിരുന്ന് പഠിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനികൾ പ്രതിഷേധവുമായി സ്കൂൾ വിട്ടിറങ്ങി. പ്ലസ് ടു ഹുമാനിറ്റീസിലെ വിദ്യാർഥിനികളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. സ്കൂൾ കെട്ടിടത്തി​െൻറ അപകടാവസ്ഥയും പ്രതിഷേധത്തിനിടയാക്കി. കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടത്തി​െൻറ ഒന്നാംനിലയി‍ലാണ് പ്ലസ് ടു ക്ലാസുകൾ നടക്കുന്നത്. ഈ ക്ലാസ് മുറിയിലാണ് നായ്ക്കളുടെ കാഷ്ഠവും ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും കണ്ടത്. അധ്യയന വർഷം തുടങ്ങിയതു മുതൽ ക്ലാസിലെത്തുമ്പോൾ പലതരം മാലിന്യങ്ങൾ കാണാറുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. ചൊവ്വാഴ്ച നായ്ക്കളുടെ കാഷ്ഠംകൂടി കണ്ടെത്തിയതോടെ വിദ്യാർഥിനികൾ കൂട്ടത്തോടെ പ്രതിഷേധിച്ച് ക്ലാസ്മുറി വിട്ടിറങ്ങുകയായിരുന്നു. പ്രിന്‍സിപ്പൽക്ക് പരാതി നൽകിയപ്പോൾ മറ്റൊരു മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവിടെയും ഇതേ തരത്തില്‍ ശുചിത്വമില്ലാത്ത അവസ്ഥയിലാണുണ്ടായിരുന്നതെന്ന് വിദ്യാർഥികള്‍ പറഞ്ഞു. സ്‌കൂള്‍ ഒരു ശുചീകരണ ജീവനക്കാരനോ പ്യൂണോ ഇല്ലാത്തതിനാല്‍ പുറമെനിന്ന് തൊഴിലാളിയെ വിളിച്ചാണ് ശുചീകരിച്ചത്. അപകട ഭീഷണിയിലുള്ള പ്ലസ് ടു കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാന്‍ ഫണ്ട് പാസായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ബൂത്തായി നല്‍കുന്ന കെട്ടിടമായതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസില്‍നിന്നുകൂടി അനുമതി ലഭിക്കാനുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അനുമതി ലഭിച്ചാൽ കെട്ടിടം പൊളിക്കും. പ്രവൃത്തി ആരംഭിച്ചാൽ ഇവരുടെ ക്ലാസ് ഹൈസ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനമുണ്ട്. എന്നാൽ, അപകടം പിടിച്ച കെട്ടിത്തില്‍ വിദ്യാർഥികളെ ഇരുത്തുന്നതിൽ രക്ഷിതാക്കളും ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.