കോഴിക്കോട്: ജില്ലയിൽ പനിമരണങ്ങൾ വ്യാപകമാവുന്നു. ജൂണിൽ മാത്രം പനി ബാധിച്ച് ഏഴ് പേരാണ് മരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന ആറുപേരും എലിപ്പനി സംശയിക്കുന്ന ഒരാളുമാണ് മരിച്ചത്. ചേളന്നൂർ, കൂടരഞ്ഞി, കോട്ടൂർ, കൂരാച്ചുണ്ട്, ബേപ്പൂർ, കോടഞ്ചേരി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സംശയിക്കുന്ന മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മുക്കം സ്വദേശിയാണ് എലിപ്പനി സംശയത്താൽ മരിച്ചത്. ശനിയാഴ്ച മാത്രം പത്തുപേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. പത്ത് ദിവസത്തിനിടെ 8500 പേർ മെഡിക്കൽ കോളജിലും മറ്റുസർക്കാർ ആശുപത്രികളിലും പനി ബാധിച്ചെത്തി. ഇതിൽ 300ഓളം പേർ കിടത്തിചികിത്സ തേടി. വൈറൽപനിക്കൊപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 53പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇടക്കാലത്ത് കുറഞ്ഞിരുന്നെങ്കിലും എച്ച് 1 എൻ 1ഉം പടരുന്നുണ്ട്. ശനിയാഴ്ച മാത്രം വിവിധയിടങ്ങളിലായി പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചു. 24 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ജില്ലയുടെ പല ഭാഗങ്ങളിലും ചിക്കൻപോക്സും പടരുന്നുണ്ട്. 52പേർക്കാണ് ജൂണിൽ മാത്രം രോഗം ബാധിച്ചത്. മലമ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും പടരുന്നുണ്ട്. ചേളന്നൂർ, കൂരാച്ചുണ്ട്, കാക്കൂർ, നന്മണ്ട, പനങ്ങാട്, രാമനാട്ടുകര, കക്കോടി, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ് പനി വ്യാപകമായി പടർന്നുപിടിക്കുന്നത്. പലയിടത്തും മാസങ്ങളായി പനി നിയന്ത്രണാതീതമായി പടരുന്നുണ്ട്. മാലിന്യപ്രശ്നം, ശുദ്ധജല ദൗർലഭ്യം തുടങ്ങിയവയാണ് പനി പടരുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാലാണ് പനി പടരുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പലയിടങ്ങളിലും പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം ചേരുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾ നടപ്പാക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് പനി വരാതിരിക്കാനുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ പ്രധാനമെന്ന് ഡി.എം.ഒ ഡോ. ആശദേവി അറിയിച്ചു. പനി ബാധിച്ചവർ ചികിത്സ തേടുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം. കൊതുകുനശീകരണമുൾപ്പടെ ആരോഗ്യവകുപ്പിെൻറ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.