പുതുപ്പാടി ഭൂസമരം- ഐക്യദാർഢ്യ റാലിയിൽ താക്കീതായി ആയിരങ്ങൾ

ഈങ്ങാപ്പുഴ: രണ്ടാഴ്ചയായി പുതുപ്പാടി വില്ലേജ് ഓഫിസിനു മുന്നിൽ സർവകക്ഷി ഭൂസംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തടസ്സംനിൽക്കുന്നവർക്ക് താക്കീതായും നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഈങ്ങാപ്പുഴയിൽനിന്നും കൈതപ്പൊയിലിൽനിന്നും ആരംഭിച്ച ജാഥകൾ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സമരപ്പന്തലിൽ സന്ധിച്ചു. ഈങ്ങാപ്പുഴയിൽനിന്ന് ആരംഭിച്ച റാലിക്ക് കെ.സി. വേലായുധൻ, എം.ഇ. ജലീൽ, കെ.പി. സുനീർ, മിൽമ ജോർജ്, കുട്ടിയമ്മ മാണി, രാജേഷ് ജോസ്, മൊയ്തു മുട്ടായി എന്നിവർ നേതൃത്വം നൽകി. കൈതപ്പൊയിലിൽ നിന്നാരംഭിച്ച റാലിക്ക് മാക്കണ്ടി മുജീബ്, ഒതയോത്ത് അഷ്റഫ്, പി.കെ. സുകുമാരൻ, ആർ.എം. റസാഖ്, പി.വി. മുരളീധരൻ, ഷാഫി എരഞ്ഞോണ എന്നിവർ നേതൃത്വം നൽകി. അയ്യായിരത്തോളം വരുന്ന കുടുംബശ്രീ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, കർഷകർ, കർഷക തൊഴിലാഴികൾ, വിദ്യാർഥികൾ, വിവിധ സാമൂഹിക സംഘടന പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. അടിവാരം, കൈതപ്പൊയിൽ, ഈങ്ങാപ്പുഴ, കാക്കവയൽ എന്നീ അങ്ങാടികളിലെ കടകൾ അടച്ചിട്ടാണ് വ്യാപാരികൾ റാലിയിൽ പങ്കെടുത്തത്. റാലിയെ അഭിസംബോധന ചെയ്ത് സമരസമിതി കൺവീനർ ഗിരീഷ് ജോൺ, ജോയൻറ് കൺവീനർ വി.കെ. ഹുസൈൻകുട്ടി, വൈസ് ചെയർമാൻ ബിജു താന്നിക്കാക്കുഴി എന്നിവർ സംസാരിച്ചു. കഴിഞ്ഞ 10നാണ് ഭൂസമരം ആരംഭിച്ചത്. ആദ്യ ആഴ്ച നടത്തിയ അനിശ്ചിതകാല സത്യഗ്രഹസമരം ഫലം കാണാത്തതിനെ തുടർന്ന് 17 മുതൽ നിരാഹാരസമരം ആരംഭിക്കുകയായിരുന്നു. നിരാഹാരമിരുന്ന ബിജു താന്നിക്കാക്കുഴി, കെ.ഇ. വർഗീസ്, ടി.എം. പൗലോസ്, ജോർജ് മങ്ങാട്ട് എന്നിവരെ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്ത് നീക്കിയിനെ തുടർന്ന് ഇപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ, പഞ്ചായത്ത് മെംബർ പി.കെ. ഷൈജൽ, ഷാജി പനന്താനത്ത്, വിജയൻ പുതുശ്ശേരി എന്നിവരാണ് നിരാഹാരമിരിക്കുന്നത്. 100/1ലെ ആയിരത്തോളം കുടുംബങ്ങളുടെ തടഞ്ഞ ഭൂമി ക്രയവിക്രയ അവകാശം പുനഃസ്ഥാപിക്കുക, 1/1ലെ 400 കുടുംബങ്ങൾക്ക് പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിവരുന്നത്. ഇതിനിടയിൽ ജില്ല കലക്ടർ വില്ലേജ് ഓഫിസിലെത്തി സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ 18ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും സർക്കാർ ഉത്തരവിട്ടാൽ മാത്രമേ സമരത്തിൽനിന്ന് പിന്മാറുകയുള്ളൂ എന്ന നിലപാടാണ് നേതാക്കളെടുത്തത്. ഇതിനുമുമ്പ് ഇത്തരം ഉറപ്പുകൾ ലഭിച്ചിരുന്നെങ്കിലും യാഥാർഥ്യമായില്ല എന്നതാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്ച രാവിലെ കൺസ്യൂമർെഫഡ് ചെയർമാൻ എം. മെഹബൂബ്, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി കെ.കെ. ലതിക, ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി, ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡൻറ് രമേശ് നന്മണ്ട, എൻ.എസ്.സി യൂത്ത് സംസ്ഥാന സെക്രട്ടറി ഒ.പി. റഷീദ് എന്നിവർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. photo: ഐക്യദാർഢ്യ റാലി TSY Puduppadi SAmam Kaithappoyil Rali TSY Puduppady Samaram Engapuzhayil ninnu Arambicha Rali TSY Rali Samarapanthail 2 TSY Rali Samarapanthlil1 TSY Samara panthallethiya Rali
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.