ഒറ്റപ്പാലം: ബിടെക് പരീക്ഷ എട്ടാം സെമസ്റ്ററിൽ ഒരു വിഷയത്തിൽ 'പരാജയപ്പെടുത്തിയ' കാലിക്കറ്റ് സർവകലാശാലയുടെ അശ്രദ്ധ ഒരു വർഷവും തൊഴിലവസരങ്ങളും നഷ്ടമാക്കിയെന്ന പരാതിയുമായി വിദ്യാർഥി രംഗത്ത്. ഒറ്റപ്പാലം സുന്ദരയ്യർ റോഡ് മൈത്രിനഗറിലെ ഞെഴുകത്തൊടിയിൽ രവീന്ദ്രെൻറ മകൻ നിധിനാണ് 50 മാർക്കിന് പകരം അഞ്ചുമാർക്ക് രേഖപ്പെടുത്തിക്കൊടുത്ത സർവകലാശാലയുടെ പിടിപ്പുകേടിനെതിരെ രംഗത്തുവന്നത്. ലക്കിടി ജവഹർലാൽ എൻജിനീയറിങ് കോളജിൽ പഠനം നടത്തിയ നിതിൻ ഏഴു സെമസ്റ്ററുകളിലും ആദ്യ അവസരത്തിൽ തന്നെ വിജയിച്ചിരുന്നു. എട്ടാം സെമസ്റ്ററിൽ അപ്രതീക്ഷിതമായി പരാജയം സംഭവിച്ചതിെൻറ അന്വേഷണത്തിന് പരീക്ഷ ഫലം വന്നതിെൻറ അടുത്ത ദിവസംതന്നെ സർവകലാശാലയുമായി ബന്ധപ്പട്ടപ്പോൾ പുനർ മൂല്യനിർണയമല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന മറുപടിയാണ് ലഭിച്ചതത്രേ. ഇതിനായി പണമടച്ച ശേഷം കാത്തിരുന്നെങ്കിലും സപ്ലിമെൻററി പരീക്ഷ സമയം വരെയും ഫലം പ്രസിദ്ധീകരിച്ചില്ല. തുടർന്ന് സപ്ലിമെൻററി പരീക്ഷയെഴുതി വിജയിക്കുകയും ചെയ്തു. പുനർ മൂല്യനിർണയ ഫലം ലഭിക്കാനായി സർവകലാശാലയുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഓരോന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കുകയായിരുന്നെന്ന് നിതിൻ പറയുന്നു. ഉത്തരക്കടലാസ് തിരിച്ചറിയാൻ 15 ദിവസത്തിനകം സർവകലാശാലയിൽ ഹാജരാകണമെന്ന പരീക്ഷ കൺട്രോളറുടെ മെമോ ലഭിച്ചത് ഇക്കഴിഞ്ഞ മാർച്ച് 16നാണ്. ഇതുപ്രകാരം സർവകലാശാലയിൽ ചെന്നപ്പോൾ രണ്ടാഴ്ച കഴിഞ്ഞ് വരാനായിരുന്നു നിർദേശം. ഇക്കാര്യം മെമ്മോയിൽ രേഖപ്പെടുത്തി തരാൻ ആവശ്യപ്പെട്ടെങ്കിലും ഉത്തരക്കടലാസ് കാണിച്ച് കൊടുത്തതല്ലാതെ മാർക്കോ ഫലമോ നൽകാൻ വ്യവസ്ഥയില്ലെന്ന മറുപടിയാണ് ലഭിച്ചത്. മുഖ്യമന്ത്രി, ഗവർണർ, വിദ്യാഭ്യാസമന്ത്രി എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ഒടുവിൽ വിവരാവകാശ നിയമ ആനുകൂല്യത്തോടെയാണ് പുനർമൂല്യനിർണയ ഫലം അറിയുന്നത്. 70ൽ 50 മാർക്കാണ് നേടിയതെന്നും പുനർമൂല്യ നിർണയത്തിൽ ഇത് 51 ആയെന്നുമുള്ള വിവരമാണ് ലഭിച്ചത്. ഇതിനിടെ ഉദ്യോഗം ലഭിക്കുമായിരുന്ന രണ്ട് പരീക്ഷകൾ നഷ്ടമായി. വിലപ്പെട്ട ഒരു വർഷം നഷ്ടപ്പെടുത്തിയത് സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരുടെ അലംഭാവവും അവഗണനയുമാണെന്നും ഇതിനെതിരെ പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നിതിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.