287 ടൺ ഉണക്കിയ ചൂര മത്സ്യമാണ് ഗോഡൗണിൽ കെട്ടിക്കിടക്കുന്നത് ബേപ്പൂർ: ലക്ഷദ്വീപിൽനിന്ന് സംഭരിച്ച 287 ടൺ ഉണക്കിയ ചൂര മത്സ്യം ബേപ്പൂരിലെ ലക്ഷദ്വീപ് കോഒാപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. ശ്രീലങ്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പ്രിയമേറിയ ചൂര മത്സ്യമാണ് (മാസ്) കയറ്റുമതി നടത്താതെ കെട്ടിക്കിടക്കുന്നത്. കവരത്തി, അഗത്തി, അമിനി, കടമത്ത്, കൽപ്പേനി, ചെത്ത്ലത്ത്, മിനിക്കോയ്, കിൽത്താൻ എന്നീ എട്ട് ദ്വീപുകളിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് മാർക്കറ്റിങ് ഫെഡറേഷൻ സംഭരിച്ചതാണ് ഇത്. ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ ആഴക്കടലിൽനിന്ന് ചൂര മത്സ്യം പിടിക്കുന്നതിൽ നൈപുണ്യം നേടിയവരാണ്. ഇത് പുഴുങ്ങി ഉണക്കുമ്പോഴാണ് മാസ് എന്ന പേരിൽ അറിയപ്പടുന്നത്. ദ്വീപിലെ ഒരു പ്രധാന കയറ്റുമതി ഉൽപന്നം കൂടിയാണിത്. മത്സ്യത്തൊഴിലാളികൾക്ക് കിലോക്ക് 625 രൂപ വരെ നൽകുമെന്ന് അറിയിച്ചാണ് ഇവ സംഭരിച്ചത്. ശ്രീലങ്കയിലേക്ക് കയറ്റുമതി ലക്ഷ്യമാക്കിയാണ് സംഭരിച്ചതെങ്കിലും പെട്ടെന്നുണ്ടായ വിലത്തകർച്ചയാൽ കയറ്റിയയക്കാൻ സാധിച്ചില്ല. 14 കോടി രൂപയുടെ ചരക്ക് കയറ്റിപ്പോയെങ്കിൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് പണം കൊടുക്കാനാകൂ. ചൂര കയറ്റുമതിക്ക് കരാറെടുത്ത കൊച്ചി ആസ്ഥാനമായ ഏജൻസിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഫെഡറേഷൻ ഭരണസമിതി ഒരുങ്ങി. വാഗ്ദാനം ചെയ്ത നിരക്കിൽ പണം പൂർണമായും ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു. മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ ബേപ്പൂരിലെ ലക്ഷദ്വീപ് കോ- ഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫിസിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി വി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ. ഹസ്സൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ മുൻ എം.ഡി ഇ.പി. ആറ്റക്കോയ തങ്ങൾ, സി.പി.എം കവരത്തി ലോക്കൽ കമ്മിറ്റി അംഗം കെ. മുഹമ്മദലി, കെ.പി. മുത്തുക്കോയ, എ.പി. അംബിക, പി. സലീം, ഇ.കെ. ഫത്തഹുദ്ദീൻ എന്നിവർ സംസാരിച്ചു. ബൈക്ക് തട്ടി വിദ്യാർഥിക്ക് പരിക്ക് ബേപ്പൂർ: മാത്തോട്ടം അങ്ങാടിയിൽ ബൈക്കിടിച്ച് വിദ്യാർഥിക്ക് പരിക്കേറ്റു. തിരുവണ്ണൂർ കോട്ടൺ മില്ലിന് സമീപം താമസിക്കുന്ന അബ്ദുൽ ഗഫൂറിെൻറ മകൻ അതുലിനാണ് (17) പരിക്കേറ്റത്. ബൈക്ക് യാത്രക്കാരൻ നടുവട്ടം സ്വപ്നം വീട്ടിൽ മനോജിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിന് ട്രാഫിക് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. വിദ്യാർഥിയെ ഇടിച്ച ശേഷം ഇയാൾ കടന്നുകളയാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.