'ആർദ്ര'മാവാനൊരുങ്ങി ജില്ലയിലെ പ്രാഥികാരോഗ്യ കേന്ദ്രങ്ങൾ

രണ്ടാം ഘട്ടത്തിലാണ് ജില്ലയിൽ നടപ്പാക്കുക കോഴിക്കോട്: സർക്കാർ ആശുപത്രികളെ കൂടുതൽ രോഗീസൗഹാർദപരമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13 പ്രാഥികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ആദ്യഘട്ടത്തിൽ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുക. ഇവയുടെ പ്രവൃത്തി തീർത്ത് ആഗസ്റ്റ് 17ന് ഉദ്ഘാടനം ചെയ്യാൻ ആർദ്രം മിഷ​െൻറ ജില്ലാതല യോഗം തീരുമാനിച്ചു. രാമനാട്ടുകര, എടച്ചേരി, ഓമശ്ശേരി, കുന്ദമംഗലം, പുതുപ്പാടി എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്. തെരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പികളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കും. ഒ.പി. ടോക്കൺ സിസ്റ്റം ഏർപ്പെടുത്തി ക്യൂ ഒഴിവാക്കും. ടി.വി, കുടിവെള്ളം, പ്രാഥമിക സൗകര്യങ്ങൾ, കസേരകൾ എന്നിവ പുതുതായി ഏർപ്പെടുത്തും. പരിശോധന മുറികളിൽ രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലെ രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബേസ് ഉണ്ടാക്കി ഓരോ രോഗിക്കും വ്യക്തിഗത ശ്രദ്ധ ലഭിക്കും വിധത്തിലുള്ള പദ്ധതിയും ഉണ്ടാവും. ഇത് ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിലാണ് നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തിലാണ് ജില്ലയിൽ നടപ്പാക്കുക. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, എ.ഡി.എം ടി. ജനിൽകുമാർ, ഡി.എം.ഒ ഡോ. വി. ജയശ്രീ, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, എൻ.ആർ.എച്ച്.എം ജില്ല മാനേജർ ഡോ. ബിജോയ്, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.