പാസ് വിതരണം നിര്‍ത്തി: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ വിദ്യാർഥികളുടെ പ്രതിഷേധം

പാസ് വിതരണം നിര്‍ത്തി: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ വിദ്യാർഥികളുടെ പ്രതിഷേധം മലയോര മേഖലയിലെ വിദ്യാർഥികൾക്കാണ് ഇരുട്ടടി താമരശ്ശേരി: യാത്രാ പാസ് നൽകുന്നില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ വിദ്യാർഥികൾ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിനു മുന്നിൽ ബഹളം വെച്ചു. വിദ്യാർഥികളോടൊപ്പമുണ്ടായിരുന്ന രക്ഷിതാക്കളും പ്രകോപിതരായി. സോണൽ ഓഫിസിൽനിന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ പാസ് വിതരണം നിർത്തിവെച്ചതായി രേഖാമൂലം ധരിപ്പിച്ചതിനു ശേഷമാണ് രക്ഷിതാക്കളും വിദ്യാർഥികളും പിരിഞ്ഞത്. നാമമാത്ര ബസുകൾ മാത്രം സർവിസ് നടത്തുന്ന ആനക്കാംപൊയിൽ, പൂവാറം തോട്, കക്കാടംപൊയിൽ തുടങ്ങിയ മലയോര പ്രദേശങ്ങളിലെ വിദ്യാർഥികളാണ് പാസ് നിർത്തിയതിനെ തുടർന്ന് ദുരിതത്തിലായത്. പാസ് ലഭിക്കാതായതോടെ പുതുതായി പ്രവേശനം ലഭിച്ചവരടക്കമുള്ള വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായി. ദിവസവും മുഴുവൻ തുക നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പ്രതികൂല കാലാവസ്ഥകൊണ്ടുള്ള തൊഴിലില്ലായ്മയും നിമിത്തം പൊറുതിമുട്ടുന്നതിനിടയിലാണ് മലയോര വിദ്യാർഥികളുടെ യാത്ര പ്രശ്നം കൂടി വന്നുചേർന്നത്. നഗരങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന രണ്ടും മൂന്നും വിദ്യാര്‍ഥികളുള്ള കുടുംബങ്ങളുടെ സ്ഥിതിയാണ് ദയനീയം. പാസ് ലഭിക്കുന്നില്ലെങ്കില്‍ കുട്ടികളുടെ പഠനം മുടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അതേസമയം, ബസൊന്നിന് 25 പാസ് വീതം നൽകേണ്ട സ്ഥാനത്ത് അനുവദിച്ചതി‍​െൻറ നാലും അഞ്ചും ഇരട്ടി പാസാണ് കൊടുക്കേണ്ടി വരുന്നതെന്നും സോണൽ ഓഫിസിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് പാസ് വിതരണം നിർത്തിയതെന്നുമാണ് സ്റ്റേഷൻ അധികൃതരുടെ വിശദീകരണം. സോണൽ ഓഫിസറുടെ തീരുമാനം ലഭിച്ചതിനു ശേഷം തുടർ നടപടികൾ ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.