കോഴിക്കോട്: നഗരത്തിലെ പ്രധാന റോഡുകൾ തെരുവോര കച്ചവടക്കാർ കൈയേറി മാർഗതടസ്സം സൃഷ്ടിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മിഠായിതെരുവ് റോഡ്, മൊയ്തീൻ പള്ളി റോഡ്, കോർട്ട് റോഡ്, കെ.പി. കേശവമേനോൻ റോഡ്, കല്ലായി റോഡ് തുടങ്ങിയവ തെരുവോര കച്ചവടക്കാർ കൈയേറിയിരിക്കുകയാണെന്ന് കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് നിരീക്ഷിച്ചു. ലോറി സ്റ്റാൻഡ് റോഡ്, എം.ജി. റോഡ്, ബഷീർ റോഡ് എന്നിവിടങ്ങളിൽ ഫുട്പാത്ത് കൈയേറി സാധനങ്ങൾ സൂക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നഗരസഭയുടെ അതിർത്തിയിലുള്ള എല്ലാ ഫുട്പാത്തുകളിലെയും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും കമീഷൻ നിർദേശിച്ചു. നഗരത്തിലെ റോഡുകൾ കാൽനട യാത്രിക്കാർക്കായി സംരക്ഷിക്കണം. നടപ്പാത തെരുവ് കച്ചവടക്കാർ കൈയേറുന്നത് സംബന്ധിച്ച് കമീഷൻ നഗരസഭയിൽനിന്ന് വിശദീകരണം തേടിയിരുന്നു. റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി കമീഷന് വിശദീകരണം നൽകി. എന്നാൽ, റോഡുകളുടെ അവസ്ഥ ശോച്യമായി തുടരുകയാണെന്ന് പരാതിക്കാരനായ എ.കെ. പ്രഭാകരൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.